Thursday, December 12, 2013

ഇന്നലെയാണ് ക്രിസ്മസ് പരീക്ഷ ആരംഭിച്ചത്. കുട്ടികള്‍ കോപ്പിയടിക്കുന്നത് തടയാനായി ഞങ്ങള്‍ കുറച്ചുപേര്‍ പരീക്ഷാഹാളില്‍ സ്ക്വാഡായി ഇറങ്ങി. മൂന്നാമത്തെ ബ്ലോക്കിലെ പരിശോധനയില്‍ ഡെസ്ക്കിനടിയില്‍ തറയില്‍ ഒരു തുണ്ടുകടലാസ്. അരുണ്‍മാഷാണ് കണ്ടത്. അതിനുമുന്നിലുള്ളത് പത്താംക്ലാസ്സുകാരന്‍ ശിവദാസ്. അവനെ പൊക്കി. പുറത്തുനിര്‍ത്തിയിരിക്കുന്നു. എനിക്കും സങ്കടവും ദേഷ്യവും ഒപ്പം വന്നു. അവനെ കുറെ ശകാരിച്ചു, പിന്നെ അവനെ സ്റ്റാഫ് റൂമിലേക്കു കൊണ്ടുവന്നു. പത്താംക്ലാസ്സല്ലേ, പരീക്ഷ എഴുതിക്കാതിരുന്നാലും കുഴപ്പം. " ഇപ്പോ തല്‍ക്കാലം പരീക്ഷ എഴുതിക്കോ, നാളെ മുതല്‍ പരീക്ഷ എഴുതണമെങ്കില്‍ വീട്ടില്‍ നിന്ന് രക്ഷകര്‍ത്താക്കളാരെങ്കിലും വരണം."ഞാന്‍ പറഞ്ഞുതീര്‍ന്നില്ല, അപ്പോഴേക്കും മറ്റു മൂന്നുപേരുമായി അധ്യാപകര്‍ എത്തി. അവരെയും സ്റ്റാഫ് റൂമിലിരുത്തി പരീക്ഷ എഴുതിക്കാന്‍ തീരുമാനിച്ചു. ഉച്ചയോടെ പരീക്ഷ എഴുതിക്കഴിഞ്ഞു. നാളെ ഈ രക്ഷകര്‍ത്താക്കള്‍ വന്നാല്‍ അവര്‍ ഓരോരുത്തരോടും കുറെ കാര്യങ്ങള്‍ പറയുക, എന്നിട്ട് പരീക്ഷ എഴുതിക്കുക. ഇത്രമാത്രമേ  ഉദ്ദശിച്ചിരുന്നുള്ളു. പക്ഷേ പരീക്ഷാ ചുമതല എനിക്കായതിനാല്‍, രാവിലെ രക്ഷാകര്‍ത്താക്കളോട് സംസാരിച്ച് സമയം കളയാന്‍ പറ്റില്ല. ഞാന്‍ തീരുമാനം മാറ്റി. നാളെ രക്ഷാകര്‍ത്താക്കള്‍ വരണമെന്നില്ല. പകരം ഇന്നു തന്നെ നിങ്ങള്‍ വീട്ടില്‍ അറിയിക്കണം. അവരാരെങ്കിലും എന്നെ ഫോണ്‍ വിളിച്ചാല്‍ മതി. മൂന്നുപേരോടും പറഞ്ഞു. ശിവദാസിനോട് പറഞ്ഞില്ല. കാരണം അവന്‍ പരീക്ഷ എഴുതിക്കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.അതിനാല്‍ എന്നെ കണ്ടിട്ടേ, പോകാവൂ എന്ന് അവനോട് പറഞ്ഞശേഷം, ഞാന്‍ ഉത്തരക്കടലാസ് സോര്‍ട്ടിങ്ങിനായി പോയി. പക്ഷേ പേപ്പര്‍ ഒരു ടീച്ചറെ ഏല്‍പ്പിച്ചശേഷം അവന്‍ പോയി. എന്നെ കാണാതെ..........
യഥാര്‍ത്ഥത്തില്‍ കുട്ടികള്‍ എല്ലാവരും കോപ്പിയടിച്ചു കൊണ്ടിരിക്കുമ്പോഴല്ല അവരെ പിടിച്ചത്. അവരുടെ സമീപത്തു നിന്നും അല്ലെങ്കില്‍ ബോക്സില്‍ നിന്നും തുണ്ടുകടലാസുകള്‍ കിട്ടിയതായിരുന്നു. പിടിയിലായ എല്ലാവരും അത് നോക്കി എഴുതിയിട്ടുണ്ടായിരുന്നില്ല. രണ്ടു പേര്‍ എഴുതികൊണ്ടുവന്നതാണെന്ന് സമ്മതിച്ചു. അതിലൊരാള്‍ എഴുതിയത് മൂന്നാമത്തവന്റെ സമീപത്തേക്കിട്ടതായിരുന്നു. അവന്‍ പറഞ്ഞിട്ടാണെന്ന് ഇട്ടവനും അല്ലെന്ന് മൂന്നാമനും പറഞ്ഞു. എന്നാല്‍ ശിവദാസിന്റെ സമീപത്തുനിന്നും കിട്ടിയത്,  അവനെഴുതിയതല്ല എന്നു തീര്‍ത്തുപറഞ്ഞു. എങ്കില്‍ പിന്നെ ആരുടെ എന്നതിന് അവന്‍ ഉത്തരം പറഞ്ഞില്ല.

ഉച്ചയ്ക്കുശേഷം തന്നെ ഒരാളുടെ വീട്ടില്‍ നിന്നും ഫോണ്‍ വന്നു. അവനല്ല, അവന്റെ സമീപത്തേക്ക് അടുത്തിരിക്കുന്നവന്‍ കൊടുത്തിട്ട് പുറത്തേക്കുകളയാന്‍ പറഞ്ഞതാണെന്ന് ഫോണില്‍ അമ്മ പറഞ്ഞു. എസ്. എസ്. എല്‍.സി പരീക്ഷയ്ക്ക് ഇങ്ങനെ സമീപത്തുനിന്നും കിട്ടിയാലും പ്രശ്നമാണെന്നും, മറ്റുള്ളവര്‍തരുമ്പോള്‍ അത് ടിച്ചറോട് എന്തുകൊണ്ട് പറഞ്ഞില്ല..എന്നും സൂചിപ്പിച്ച്, ഈ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കുവാങ്ങിയില്ലെങ്കില്‍ എസ്. എസ്. എല്‍.സി പരീക്ഷ എഴുതിക്കില്ലെന്ന ഒരു ചെറു ഭീഷണിയും നല്‍കി. മറ്റുള്ള രണ്ടുപേരുടെ രക്ഷാകര്‍ത്താക്കളില്‍ ഒരാള്‍ വൈകിട്ട് സ്ക്കുളില്‍ വന്നു. മറ്റൊരാള്‍ വൈകിട്ട് ഫോണ്‍ വിളിച്ചു. അവരോടും ആദ്യത്തേതുപോലെ തന്നെ സംസാരിച്ചു.

ശിവദാസിന്റെ മാത്രം ആരും വിളിച്ചുമില്ല....വന്നുമില്ല....
ഇന്ന് രാവിലെ....സ്ക്കുളില്‍ ശിവദാസുണ്ട്....പരീക്ഷാഹാളിനു സമീപം..
എനിക്കു ദേഷ്യം കയറി... ഞാന്‍ പറഞ്ഞു.
"നിന്നോടുപറഞ്ഞില്ലേ എന്നെ കണ്ടിട്ടേ പോകാവൂ എന്ന്....?എന്നിട്ടെന്തേ നീ പോയി...? നിന്റെ വീട്ടില്‍ നിന്ന് ആരും വരാതെ ഇന്നിനി പരീക്ഷഎഴുതേണ്ടാ..... നീ വീട്ടിലേക്കു പോയ്ക്കോളൂ......"
അവന്‍ നിന്നു പരുങ്ങി.....ഒന്നും മിണ്ടുന്നില്ല...
പരീക്ഷ എഴുതിച്ചില്ലെങ്കിലും പ്രശ്നമാണല്ലോ.....ഒരു കാര്യം ചെയ്യാം ഇന്നും നീ സ്റ്റാഫ് റൂമിലിരുന്നു പരീക്ഷ എഴുതിയാല്‍ മതി. പക്ഷെ നാളെ നിന്റെ വീട്ടുകാര്‍ വന്ന് എന്നെ കാണണം. മാത്രമല്ല ഇന്ന് വീട്ടില്‍ പോകുന്നതിനുമുമ്പ് എന്നെ കണ്ടിട്ടേ പോകാവൂ. ഇന്നലത്തെപോലെ ആകരുത്.ഞാന്‍ മുന്നറിയിപ്പുനല്‍കി.
അവനൊന്നും മിണ്ടിയില്ല. പരീക്ഷ എഴുതി.
അന്ന് ഉച്ചയ്ക്കുശേഷവും പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് അവനവിടെ കാത്തുനില്പുണ്ടായിരുന്നു.
അവനോട് അവിടെത്തന്നെ നില്‍ക്കാന്‍ പറഞ്ഞിട്ട് ഞാന്‍ പരീക്ഷപേപ്പര്‍ സോര്‍ട്ടിങ്ങലേക്കു തിരിഞ്ഞു.
അവന്റെ കാത്തു നില്പ് എന്റെ എണ്ണല്‍ തെറ്റിച്ചുകൊണ്ടിരുന്നു. പേപ്പറുകള്‍ കെട്ടാന്‍ സൂരജ് മാഷിനെയും സാഹിസാറിനേയും ഏല്‍പ്പിച്ചുകൊണ്ട് ഞാന്‍ ശിവദാസിന്റെ സമീപത്തേക്കു ചെന്നു.
ഞാന്‍ അവനോടു പറഞ്ഞു.  മറ്റെല്ലാവരുടെയും വീട്ടില്‍ നിന്ന് ഇവിടെ വരികയോഫോണില്‍ വിളിക്കുകയോ ചെയ്തിട്ടുണ്ട്. നിനക്കുമാത്രം എന്താ പറ്റാത്തേ....? ഒരു കാര്യ ചെയ്യാം വീട്ടില്‍ നിന്ന് ആരെങ്കിലും എന്നെ വിളിച്ചാല്‍ മതി.
പക്ഷേ അപ്പോഴും അവന്‍ അങ്ങിനെ ചെയ്യാമെന്നു പറയുന്നില്ല. സാറേ ഞാന്‍ കോപ്പിയടിച്ചില്ലല്ലോ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു.
പെട്ടെന്ന് എന്റെ മനസ്സിലേക്ക് അവന്റെ അമ്മയുടെ ചിത്രം വന്നു. കഴിഞ്ഞ വര്‍ഷം അവര്‍ വന്നിട്ടുണ്ടായിരുന്നു. അവന്‍ പഠിക്കുന്നില്ല സാറേ... ഞാന്‍ എത്ര പറഞ്ഞിട്ടെന്തിനാ......ഇങ്ങനെ പറഞ്ഞതും ഞാനോര്‍ത്തു. പക്ഷെ അവന്റെ അച്ഛനെ ഞാന്‍ കണ്ടിട്ടില്ല. അച്ചന്‍ കുറെ നാള്‍ ബോംബെയിലെവിടെയോ ആയിരുന്നെന്ന് അവന്‍ പറഞ്ഞ ഒരു ഓര്‍മ്മ എനിക്കുണ്ട്. ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. അവന്റെ അമ്മ ഇല്ല എന്നും ഇപ്പോഴത്തെ അമ്മ അവന്റെ രണ്ടാനമ്മയാണെന്നും എനിക്കു തോന്നിയതോ അതോ ആരെങ്കിലും ഇതിനു മുമ്പ് പറഞ്ഞതോ....? ഏതായാലും അവനെന്നോട് ഇക്കാര്യം നേരിട്ട് പറഞ്ഞിട്ടില്ല.....
ഞാന്‍ ചോദിച്ചു, മോനേ നിന്റെ അമ്മ അച്ഛന്റെ രണ്ടാം വിവാഹത്തിലേതാണോ...?
അവന്‍ തലകുലുക്കി..... തിരിഞ്ഞു നിന്നുകൊണ്ട് കരഞ്ഞു....ഞാന്‍ അവന്റെ കയ്യില്‍ മുറുകെ പിടിച്ചു. കരച്ചില്‍ നിര്‍ത്തുന്നില്ല.... എനിക്കും സങ്കടമായി......കഴിഞ്ഞ തവണ എന്തോ തെറ്റ് ചെയ്തതിന് ഞാന്‍ നല്ല അടി കൊടുത്തിട്ടും അവന്‍ കരഞ്ഞിട്ടില്ല. പക്ഷേ ഇപ്പോള്‍ വളരെ ചെറിയ കുട്ടിയെപ്പോലെ കരയുകയാണ്...
ഞാന്‍ പറഞ്ഞു. നീയിനി ആരെയും വിളിക്കണ്ടാ....വാ നമുക്കപ്പുറത്തിരിക്കാം....കണ്ണുതുടയ്കക്കൂ....
ഞാന്‍ അവനെചേര്‍ത്തുപിടിച്ചു സ്റ്റാഫ് റുമിലേക്കു വിളിച്ചു. പക്ഷേ സ്റ്റാഫ് റൂമില്‍ മൂന്നാലുപേരുണ്ട്......വേണ്ട.
ഞാന്‍ അവനോട് ആളൊഴിഞ്ഞ ഒരു ക്ലാസ്സിലേക്ക് ചെല്ലാന്‍ പറഞ്ഞു. അവന്‍ കണ്ണുതുടച്ചുകൊണ്ട് അങ്ങോട്ടുപോയി. അവനവിടെ എത്തിയപ്പോള്‍ ഞാനും ചെന്നു.അവന്‍ നേരെ നോക്കുന്നില്ല. അവന്റെ കരച്ചില്‍ അവനോട് ചോദിക്കാനുള്ള എന്റെ ചോദ്യങ്ങളെ തൊണ്ടയില്‍ തടഞ്ഞുനിര്‍ത്തി. നിനക്ക് കുറെ കാര്യങ്ങള്‍ എന്നോടുപറയാനില്ലേ.....? ഇപ്പോള്‍ വേണമെന്നില്ല. പിന്നെ പറഞ്ഞാല്‍ മതി......നിനക്ക് ഞാനുണ്ട്.....
കുറെ നേരം ഒന്നും മിണ്ടാതം അവിടെയിരുന്നു.
അവന്‍ ബസിനാണ് വീട്ടില്‍പോകുന്നത് . അവന്റെ മറ്റൊരു കൂട്ടുകാരന്‍ റോഡില്‍ കാത്തുനില്‍ക്കുന്നുണ്ടെന്ന്
പറഞ്ഞു. ഞാന്‍ പറഞ്ഞൂ വീട്ടില്‍ പോയ്ക്കൂളൂ.....നാളെ സംസാരിക്കാം...........



.................................................................................
അടുത്തദിവസവും രാവിടെയായിരുന്നു പരീക്ഷ. പരീക്ഷയ്ക്കുശേഷം അവനോട് വിശദമായി സംസാരിക്കാമെന്നു കരുതി.....പക്ഷെ അവിടെ ചെന്നപ്പോള്‍ ആളെ കാണാനില്ല. പരീക്ഷ കഴിഞ്ഞ് അവന്‍ പോയിരുന്നു.....

അടുത്ത ദിവസവും ഒന്നു സംസാരിക്കാന്‍ പറ്റിയില്ല.....രണ്ടു ദിവസം കഴിഞ്ഞു....
ഇനി പരീക്ഷയൊക്കെ കഴിഞ്ഞു സംസാരിക്കാം.....പരീക്ഷ എല്ലാം പ്രശ്നങ്ങളില്ലാതെ അവനെഴുതട്ടെ......
എനിക്കു തോന്നി......
പക്ഷേ അവസാനദിവസ പരീക്ഷ ദിവസവും എനിക്ക് അവനെ കണ്ടു സംസാരിക്കാന്‍ പറ്റിയില്ല....
അവന്‍ എന്നില്‍ നിന്ന് ഒളിച്ചോടുന്നുണ്ട്....പരമാവധി എന്നെക്കാണാതിരിക്കാന്‍ ശ്രമിക്കുന്നുണ്ട്.....
ക്രിസ്മസ് അവധിയായി.....സ്ക്കൂളില്‍ എന്‍.സി.സി ക്യാമ്പ് ഉണ്ടായതിനാല്‍ സ്പെഷല്‍ ക്ലാസ്സ് ഒന്നുംനടന്നില്ല....
..........
സ്ക്കൂള്‍ തുറന്നദിവസം ഞാനുണ്ടായിരുന്നില്ല.....ഒരു അദ്ധ്യാപക ശില്പശാലയിലായിരുന്നു. മൂന്നാമത്തെ ദിവസമാണ് ഞാന്‍ ശിവദാസിനെകണ്ടത്....നമുക്കൊന്നു സംസാരിക്കണം....ഞാന്‍ പറഞ്ഞു....അവന്‍ കുമ്പിട്ടിരിക്കുന്നു......ക്ലാസ്സ് എടുക്കുന്നസമയത്തും...അവന്‍ നേരെ നോക്കുന്നില്ല......
................................................................

2/01/2014

ഇന്ന് ക്ലാസ്സ് പി.ടി.എ ആയിരുന്നു........പരമാവധി രക്ഷകര്‍ത്തക്കള്‍ എത്തിയിട്ടുണ്ട്....
സാധാരണരീതിയിലുള്ള ഒരു പല്ലവി മാത്രമാണ് രക്ഷകര്‍ത്താക്കളോട് നടത്തിയത്.....
ശിവദാസ് പറഞ്ഞു അവന്റെ വീട്ടില്‍ നിന്ന് നാളെ വരുമെന്ന്.....



 
.
മറന്നുപോകുന്ന എന്റെ ഓര്‍മ്മകളെ സൂക്ഷിച്ചുവയ്ക്കാനൊരിടമാക്കുകയാണിവിടെ ........
പരസ്യപ്പെടുത്താനല്ല.......എനിക്കുവേണ്ടി മാത്രം.......
അതുകൊണ്ട് ഈ ഓര്‍മ്മത്തുണ്ടുകള്‍ ആരും വായിക്കരുതെന്ന് അപേക്ഷ.....