Thursday, January 3, 2019

ചെത്തുകാരന്റെ മകന്‍, ചായക്കടക്കാരന്റെയും

ഇന്തയ്ന്‍ പ്രധാനമന്ത്രി ചായക്കടക്കാരന്റെ മകനാണ്, മുഖ്യമന്ത്രി ഒരു ചെത്തുകാരന്റെയും....
എന്റെ അച്ഛന്‍ ഈ രണ്ട് ജോലികളും ചെയ്തിട്ടുണ്ട്. അതു കൊണ്ട് ഞാന്‍ ഒരു ചെത്തുതൊഴിലാളിയുടെയും ചായക്കടക്കാരന്റെയും മകനാണ്എന്ന് എനിക്ക് പറയാം. മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും പിതാവിന്റെ തൊഴില്‍ പറഞ്ഞ് അധിക്ഷേപിക്കുന്നവരോട് എനിക്ക് പറയാനുള്ളത് , ചെത്ത് ഒരു ജാതീയമായ തൊഴിലാണ്. ഒരു ജാതിവിഭാഗം മാത്രമേ ചെയ്തിരുന്നുള്ളൂ. പക്ഷേ ചായക്കട അങ്ങനെയല്ല, വ്യത്യസ്ത ജാതി മതവിഭാഗങ്ങള്‍ ഇത് നടത്തിയിരുന്നു. അല്പം ഉയര്‍ന്നജാതിയിലുള്ളവര്‍ക്കും ഹോട്ടലുകളും ചായക്കടകളും ഉണ്ടായിരുന്നു. അപ്പോള്‍ ചെത്തുകാരന്റെ മകന് തെങ്ങുകയറാന്‍ പോയിക്കൂടെ എന്നുപറയുന്നത് ജാതീയമായി അധിക്ഷേപിക്കല്‍ തന്നെയാണ്. പണ്ട് ചെത്തുതൊഴില്‍ ചെയ്തിരുന്നവര്‍ മദ്യപാനത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ശ്രീനാരായണഗുരു ഈ തൊഴിലിനെ വിമര്‍ശിച്ചിരുന്നു. പിന്നീട് വന്ന സര്‍ക്കാര്‍, സര്‍ക്കാരിന്റെ കീഴില്‍ എക്സെസ് വകുപ്പും, കോണ്‍ട്രാക്ടര്‍മാരും ഷാപ്പുകളും തൊഴിലാളി യൂണിയനുകളും വന്നപ്പോള്‍ ഇത് മാന്യതയുള്ള തൊഴിലായി. അക്കാലത്ത് അധ്യാപകരേക്കാള്‍ ശമ്പളം കൂടുതല്‍ ചെത്തുകാര്‍ക്കുണ്ടായിരുന്നു. സാമാന്യം തരക്കേടില്ലാത്ത വിധത്തില്‍ ജീവിച്ചിരുന്നവരായിരുന്നു ചെത്തുതൊഴിലാളികള്‍. എന്നാല്‍ ഇന്ന് അങ്ങനെയല്ല സ്ഥിതി. എല്ലാ പരമ്പരാഗത വ്യവസായവും പോലെ ഇതും നാശത്തിലാണ്. ചെത്തു തൊഴില്‍ ചെയ്യാന്‍ ആളുകളില്ലാതായിരിക്കുന്നു. തൊഴിലാളികളുടെ മക്കള്‍ മറ്റുതൊഴിലുകളിലേക്കും മാറി. കൂടുതല്‍ ഉയര്‍ന്ന തൊഴിലുകളിലേക്കും മറ്റും മാറുമ്പോള്‍ സാമൂഹികവും സാംസ്ക്കാരികമായ മുന്നേറ്റം ആണ് ഉണ്ടാകുന്നത്. അവസരങ്ങള്‍ കിട്ടുമ്പോഴാണ് ഓരോരുത്തര്‍ക്കും മുന്നേറാന്‍ പറ്റുന്നത്. അങ്ങനെ മുന്നേറുന്നതിനെയാണ് നാം പുരോഗമനം എന്ന് പറയുന്നത്. ഏതു വിഡ്ഢിയ്ക്കും ജാതീയമായ ഉയര്‍ച്ച കൊണ്ടുമാത്രം സ്ഥിരമായി ഭരണവും മാന്യമായ ചിലകാര്യങ്ങളും ചെയ്യാം എന്നതായിരുന്നു, ചാതുര്‍വര്‍ണ്യത്തിലുണ്ടായിരുന്നത്. അത് ശരിക്കും മാറിയത് കേരളത്തിലാണ് . അതിനുകാരണക്കാര്‍, ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെയാണ്.....