Thursday, November 27, 2014

ആത്മ പ്രശംസ = ആത്മഹത്യ

സ്ക്കൂളിലെ ആദ്യം.....

1 സ്ക്കൂളിലെ ആദ്യത്തെ 8-ാം ക്ലാസ്സ് ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ടീച്ചര്‍
2 ആദ്യത്തെ SSLC -ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് ടീച്ചര്‍
3 ആദ്യമായി പാഠപുസ്തകരചനയില്‍ പങ്കെടുത്തയാള്‍
4 ആദ്യമായി ടീച്ചിംഗ് എയ്ഡ് മത്സരത്തില്‍ പങ്കെടുത്തയാള്‍
5 ആദ്യമായി ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ പങ്കെടുത്തതും സമ്മാനം നേടിയയാളും
6 ആദ്യമായി ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഒന്നാം സ്ഥാനം നേടിയആള്‍
7 ആദ്യമായി മാതൃഭൂമി പത്രത്തില്‍  എഴുതിയയാള്‍
8 മാതൃഭൂമിയില്‍ ഏറ്റവുംകൂടുതല്‍ തവണ പരീക്ഷാവിശകലനം നടത്തിയയാള്‍
9 പുസ്തകരചന നടത്തിയയാള്‍
10 ആദ്യമായി ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ പ്രൊജക്ട് ചെയ്തയാള്‍
11 ഏറ്റവും കൂടുതല്‍ തവണ പ്രൊജക്ട് ചെയ്തയാള്‍
12 ആദ്യമായി വിക്ടേഴ്സ് ചാനലില്‍ പരിപാടി അവതരിപ്പിച്ചയാള്‍
13 ആദ്യമായി റേഡിയോയില്‍ ശാസ്ത്രദീപ്തി പരിപാടി അവതരിപ്പിച്ചയാള്‍
14 ആദ്യത്തെ റോഡ് സേഫ്റ്റി ക്ലബ്ബ് ചുമതലക്കാരന്‍
15 വിപ്നെറ്റ് സയന്‍സ് ക്ലബ്ബ് ചുമതലക്കാരന്‍
16 മീഡിയക്ലബ്ബ് ചുമതലക്കാരന്‍
17 ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ ,സെലക്ഷന്‍ കിട്ടിയത്
18 ആദ്യത്തെ ജില്ലാസയന്‍സ് ക്ലബ്ബ് സെക്രട്ടറി
19 ആദ്യത്തെ ബാലശാസ്ത്രകോണ്‍ഗ്രസ് ജില്ലാ കോര്‍ഡിനേറ്റര്‍
20 നാഷണ്ല്‍ ടീച്ചേഴ്സ് സയന്‍ സ് കോണ്‍ഗ്രസില്‍ പങ്കെടുത്തയാള്‍
21 നാഷണല്‍ ടീച്ചേഴ്സ് സയന്‍സ് കോണ്‍ഗ്രസില്‍ മികച്ച പേപ്പര്‍ അവതരിപ്പിച്ചയാള്‍
22 ശാസ്ത്രമേളയില്‍ സംസ്ഥാനതലത്തില്‍ കുട്ടികളെ ആദ്യമായി പങ്കെടുപ്പിച്ചയാള്‍
23 സംസ്ഥാന ഐടി മേളയില്‍ കുട്ടികളെ  ആദ്യമായി പങ്കെടുപ്പിച്ചയാള്‍
24 ശാസ്ത്രപരിശീലനത്തിന് ആദ്യമായി സംസ്ഥാനത്തിന് പുറത്ത് പങ്കെടുത്തയാള്‍
25 ആദ്യത്തെ സ്ക്കൂള്‍ ബ്ലോഗിന്റെ സൃഷ്ടാവ്
26 ആദ്യ ഐടി കോര്‍ഡിനേറ്റര്‍
27 ആദ്യത്തെ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍
28 ആദ്യമായി ​​ഐസറില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തയാള്‍
29 ആദ്യമായി ദേശീയ അധ്യാപക അവാര്‍ഡ് ലഭിച്ചയാള്‍
30 ആദ്യമായി ബാലസാഹിത്യഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് ലഭിച്ചയാള്‍
31 ആദ്യമായി ബാലസാഹിത്യസമിതി അവാര്‍ഡ് ലഭിച്ചയാള്‍
32 ആദ്യമായി സമഗ്രയില്‍ ഡെപ്യൂട്ടേഷന് പോയയാള്‍
33 ചലഞ്ച്ഫണ്ട് ഉപയോഗിച്ച് ബില്‍ഡിംഗ് പണി- അപേക്ഷിച്ചത്
34 സോളാര്‍ വൈദ്യൂതി അപേക്ഷിച്ചത് - കിട്ടിയത്
35 സ്കൂളിലെ 54 ഡിജിറ്റല്‍മാഗസിനുകളുടെ ആശയം

Sunday, August 17, 2014

ഓര്‍മ്മയില്ലേ....?

"....... ബിജു സാറല്ലേ....?"
ഒരു ദന്തഡോക്ടറെ കാണാന്‍ ഇരിക്കുമ്പോള്‍ അവിടേക്ക് ഒരു കുട്ടിയുമായി വന്ന ഒരു യുവതി എന്നോടു ചോദിച്ചതാണിത്.....
"എന്നെ അറിയ്യോ...? എനിക്ക് മനസ്സിലായില്ല...." ഞാന്‍ മറുപടി പറഞ്ഞു.
"സാര്‍ ഞാന്‍ ബെറ്റ്സിയാണ് ....സാറെന്നെ പഠിപ്പിച്ചിട്ടുണ്ട്...ഹൈസ്ക്കൂളില്‍...."
സാധാരണ പഠിപ്പിച്ച കുട്ടികളുടെ പേര് മറന്നുപോയാലും അവരുടെ മുഖം ഓര്‍ക്കാറുണ്ട്....
ഇതു പക്ഷെ, ഒരു ഓര്‍മ്മയും കിട്ടുന്നില്ല......
"സാറേ ഞാന്‍ കോണ്‍വെന്റിലായിരുന്നു, നന്ത്യാട്ടുകുന്നത്തെ...." അവള്‍ പറഞ്ഞു.
" ഓ ഓ

Friday, April 25, 2014

ഇലക്ഷന്‍ ഡ്യൂട്ടി


ആദ്യമായി ഇലക്ഷന്‍ ഡ്യുട്ടി കിട്ടിയത് 1999ലെ ലോക് സഭാ തെരെഞ്ഞെടുപ്പിലായിരുന്നു. പ്രിസൈഡിംഗ് ഓഫീസറായിട്ടായിരുന്നു. ഞാന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അത്. എന്റെ ബൂത്ത് ഞാന്‍ ജോലി ചെയ്യുന്ന സ്ക്കൂള്‍ തന്നെയായിരുന്നു. ആദ്യ ഡ്യൂട്ടിക്ക് അത്യാവശ്യം പേടിയും ഉത്കണ്ഠയുമുണ്ടായിരുന്നു. ഇലക്ഷന്‍ ക്ലാസ്സിലൊക്കെ കൃത്യമായി പങ്കെടുത്തു. അന്ന് ആ ഇലക്ഷന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രം പരീക്ഷിച്ച സമയമായിരുന്നു അത്.എറണാകുളവും തിരുവനന്തപുരവും കേരളത്തിലെ വോട്ടിംഗ് യന്ത്ര പരീക്ഷണ മണ്ഡലങ്ങളായിരുന്നു. മെഷീനുമായി ബന്ധപ്പെട്ട് വിവിധതലത്തില്‍ പരിശീലനം ഉണ്ടായിരുന്നു. ഏജന്റുമാര്‍ക്കും മറ്റും പരിശീലനങ്ങളുണ്ടായിരുന്നു. പോളിംഗ് ഗ്രൂപ്പിലെ അംഗങ്ങളെ പരിചയപ്പെട്ടത് പോളിംഗ്സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന അന്ന് രാവിലെയായിരുന്നു. ഒന്നാം പോളിംഗ് ഓഫീസര്‍ ഒരു പ്രൈമറി ഹെഡ്മിസ്ട്രസ് ആയിരുന്നു. റിട്ടയര്‍ ചെയ്യുന്നതിന് ഒരു വര്‍ഷം കൂടിയേ ഉള്ളൂ എന്നും, ഇതുവരെ പ്രിസൈഡിംഗ് ഓഫീസര്‍ ആയിട്ടില്ല എന്നും പ്രിസൈഡിംഗ് ഡ്യൂട്ടി ചെയ്യുക അവരുടെ ഒരു ആഗ്രഹമായിരുന്നു എന്നും പറഞ്ഞു. അവര്‍ പ്രിസൈഡിംഗ് ഓഫീസര്‍ ആയിരിക്കുകയും ഞാന്‍ ഒന്നാം പോളിംഗ് ഓഫീസര്‍ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. എന്റെ ടെന്‍ഷനും കുറഞ്ഞേനെ. പോരാത്തതിന് ആദ്യമല്ലേ. പക്ഷേ  മാറ്റം വരുത്താനാവില്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. രണ്ടാം പോളിംഗ് ഓഫീസ്ര്‍ പഞ്ചായത്തില്‍ ജോലി ചെയ്യുന്ന ജിമ്മിസാര്‍ ആയിരുന്നു. ഒത്തിരി തെരെഞ്ഞെടുപ്പുകള്‍ നടത്തി നല്ല തഴക്കവും പഴക്കവും ഉള്ളയാള്‍. അദ്ദേഹം എനിക്ക് പൂര്‍ണ്ണസഹകരണം വാഗ്ദാനം ചെയ്തു. പിന്നെ ഒരു പോളിംഗ് അസിസ്റ്റന്റ് ആണ് ഉണ്ടായിരുന്നത്  എന്റെ ഒരു സുഹൃത്തിന്റെ അച്ചന്‍ പി.ഡബ്ലൂഡിയിലെ പ്യൂണ്‍ ജോസഫ് ആയിരുന്നു അത്. വളരെ ശാന്തനായ ഒരു വ്യക്തി.
അന്ന് യന്ത്രത്തിന്റെ കണ്‍ട്രോള്‍ ബട്ടണ്‍ പ്രിസൈഡിംഗ് ഓഫീസര്‍ തന്നെയാണ് അമര്‍ത്തേണ്ടിയിരുന്നത്. മഷിയിടല്‍ ജോസഫേട്ടന്‍ നടത്തി. അന്നത്തെ ഇലക്ഷന്‍ ഏജന്റുമാര്‍ കാര്യവിവരമുള്ളവര്‍ ആയിരുന്നു. ഒരാള്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടിതഹസില്‍ദാര്‍ ആയിരുന്നു. ഏജന്റുമാരില്‍ നിന്നും ചില തര്‍ക്കങ്ങളൊക്കെ ഉണ്ടായി. ജിമ്മിസാറിന്റെ സഹകരണത്തോടെ അത് തരണം ചെയ്യാന്‍ കഴിഞ്ഞു. സ്ക്കൂളില്‍ നിന്നും കുറച്ചകലെയൂള്ള എന്റെ ഇളയച്ചന്റെ വീട്ടില്‍ നിന്നും എല്ലാനേരവും ഭക്ഷണവും എത്തിച്ചിരുന്നു. കവറുകളൊക്കെ നേരത്തേ തയ്യാറാക്കിയിരുന്നു. ഏതായാലും വലിയകുഴപ്പങ്ങളൊന്നുമില്ലാതെ ഒന്നാമത്തെ തിരഞ്ഞെടുപ്പുജോലി സമാപിച്ചു.
 2000ലായിരുന്നു രണ്ടാമത്തെ ഇലക്ഷന്‍ ഡ്യൂട്ടി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു. ഇത്തവണ ഞാന്‍ പ്രിസൈഡിംഗ് ആയിരുന്നില്ല. ഒന്നാം പോളീംഗ് ഓഫീസര്‍. അന്നത്തെ പ്രിസൈഡിംഗ് ഓഫീസര്‍ ഞാന്‍ പഠിച്ച കോളേജിലെ ലക്ചറര്‍ ബീനടീച്ചറായിരുന്നു. ബീനടീച്ചറിന്റെ ആദ്യ തിരഞ്ഞെടുപ്പ്  ഡ്യൂട്ടിയായിരുന്നു അത്. അതിനുമുമ്പുള്ള ഇലക്ഷനുകളിലൊക്കെ ഒന്നുകില്‍ ഡ്യൂട്ടി ഒഴിവാക്കുകയോ അല്ലെങ്കില്‍ ഇല്ലാതിരിക്കുകയോ ആയിരുന്നു. ടീച്ചര്‍ വലിയ ടെന്‍ഷനിലായിരുന്നു. കൂടെയൂള്ളവരില്‍ മറ്റു മൂന്നുപേര്‍ സ്ത്രീകളായിരുന്നു. അവരുടെ പേരൊന്നും ഒര്‍ക്കുന്നില്ല. പോളീംഗ് അസിസ്റ്റന്റ് കോളേജിലെ തന്നെ രതീഷേട്ടനായിരുന്നു. ഞാനും രതീഷേട്ടനും ഒഴിച്ച് ബാക്കിയുള്ളവരെല്ലാം സ്ത്രീകള്‍. ചേന്ദമംഗലത്തിനടുത്തുള്ള ഒരു റിമോട്ട് എരിയയായിരുന്നു പോളിംഗ് ബൂത്ത്. ഒരു അംഗന്‍വാടി. ഗ്രാമപ്രദേശമായിരുന്നതുകൊണ്ട് ജനങ്ങള്‍ വളരെ നല്ലവരായിരുന്നു. എല്ലാവിധ സൗകര്യവും അവര്‍ ഒരുക്കിത്തന്നു. ബീനടീച്ചറിനും മറ്റുസ്ത്രീകള്‍ക്കും അടുത്തുള്ള ഒരു വീട്ടില്‍ താമസം ശരിയാക്കി. ഞാനും രതീഷേട്ടനും പോലീസുഉദ്യോഗസ്ഥനും അംഗന്‍വാടിയില്‍ തന്നെ കിടന്നു. ഈ ഇലക്ഷന് പഴയ ബാലറ്റുപെട്ടിതന്നെയായിരുന്നു. ത്രിതല തെരെഞ്ഞെടുപ്പായതിനാല്‍ എല്ലാ കവറുകളുടെയും ഫോമുകളുടെയും മൂന്നുസെറ്റ് വേണ്ടിയിരുന്നു. കഴിഞ്ഞ ഇലക്ഷന് ജിമ്മിസാര്‍ ചെയ്തപോലെ ഇവിടെ ഞാന്‍ ബീന ടീച്ചര്‍ക്ക് എല്ലാസഹകരണവും നല്‍കി. കനത്ത പോളിംഗായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്ടുകാരുടെ സഹകരണമുണ്ടായിരുന്നു. ഭക്ഷണം സ്പെഷ്യലായി പാകം ചെയ്തുതന്നു. ചായ, വെള്ളം, ചിപ്സ് , ഫ്രൂട്സ് എന്നിവ ഇടയ്ക്കിടെവന്നുകൊണ്ടേയിരുന്നു.
ഇത്രമാത്രം നാട്ടുകാരുടെ സഹകരണമുണ്ടായിരുന്ന മറ്റൊരു ഇലക്ഷന്‍ ഡ്യൂട്ടി പിന്നീട് എന്റെ ജിവിതത്തിലുണ്ടായിട്ടില്ല. അഞ്ചുമണിക്ക് പോളിംഗ് കഴിഞ്ഞ് ഉടന്‍തന്നെ പാക്കിംഗ് ഒക്കെ തീര്‍ത്തു. വിദൂരമേഖലയായതുകൊണ്ട് ഇവിടേക്ക് മാത്രം പ്രത്യേകം ജീപ്പുണ്ടായിരുന്നു. അന്ന് പറവൂരില്‍ പോളിംഗ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിച്ച ആദ്യ ടീം ഞങ്ങളുടേതായിരുന്നു.

മൂന്നാമത്തെ ഇലക്ഷന്‍ഡ്യൂട്ടി 2001ലെ അസംബ്ലി തെരഞ്ഞെടുപ്പായിരുന്നു. പറവൂര്‍ മണ്ഡലത്തിലെ കൂനമ്മാവായിരുന്നു ഡ്യൂട്ടി. ഇത്തവണ പ്രിസൈഡിംഗ് ഓഫിസറായിരുന്നു.
എന്റെ സുഹൃത്ത് അബൂബക്കര്‍സാറിന്റെ ഭാര്യയായ കുഞ്ഞൗവ്വ ടീച്ചറായിരുന്നു ഒന്നാം പോളിംഗ് ഓഫീസര്‍ . അടുത്തയാള്‍ സഹകരണബാങ്കിലെ ക്ലര്‍ക്കായിരുന്നു. മൂന്നാമത്തെയാളെ ഇപ്പോള്‍ ഒര്‍ക്കുന്നില്ല. പ്രത്യേകിച്ച് സവിശേഷതകളൊന്നുമില്ലാതെ ആ തെരഞ്ഞെടുപ്പു കഴിഞ്ഞു.

2002ല്‍ നടന്ന ഒരു ജില്ലാപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പായിരുന്നു നാലാമത്തെ ഇലക്ഷന്‍ഡ്യൂട്ടി. ഇത്തവണ ഒന്നാം പോളിംഗ് ഒഫീസറായിട്ടായിരുന്നു ജോലി. പ്രിസൈഡിംഗ് ഓഫിസര്‍ അടുത്ത സ്ക്കൂളിലെ എബി ടീച്ചറായിരുന്നു. ടീച്ചര്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയിട്ടുണ്ടെങ്കിലും പ്രിസൈഡിംഗ് ഓഫീസറായിട്ടാദ്യമായിരുന്നു. ടീച്ചര്‍ക്കാണെങ്കില്‍ ടെന്‍ഷന്‍. ലാലാജി സാര്‍ പറഞ്ഞു ടീച്ചര്‍ക്ക് എല്ലാ സഹായവും ചെയ്യണമെന്ന്. ടീച്ചര്‍ ഒപ്പിടുകമാത്രം ചെയ്താല്‍ മതി ബാക്കി എല്ലാ ജോലിയും ഞാന്‍ തന്നെ ചെയ്തോളാമെന്ന് ഉറപ്പും കൊടുത്തു. പക്ഷേ ടീച്ചര്‍ക്ക് ടെന്‍ഷന്‍ ഒഴിയുന്നില്ല. ടീച്ചര്‍തന്നെ റിട്ടേണിംഗ് ഓഫീസറെ കണ്ട് പ്രീസൈഡിംഗ് ഡ്യൂട്ടി ഒഴിവാക്കണെമന്ന് പറഞ്ഞു. എന്നെ പ്രീസൈഡിംഗ് ആക്കി ടീച്ചറെ ഒന്നാം പോളീംഗ് ഒഫീസറാക്കി അവര്‍ പ്രശ്നം പരിഹരിച്ചു. ടീച്ചറെ കൂടാതെ മറ്റു രണ്ടു ടീച്ചര്‍മാരും പിന്നെ ബ്ലോക്കിലെ ഒരു ഉദ്യോഗസ്ഥനും  ഡ്യൂട്ടിക്കുണ്ടായിരുന്നു. എന്റെ ചേച്ചിയുടെ വീടിനടുത്തായിരുന്നു പോളീംഗ് ബൂത്ത്. അതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണകാര്യങ്ങളിലൊന്നും മുട്ടുണ്ടായില്ല. അന്ന് പോളീംഗിന്റെ അവസാനം പെട്ടി സീല്‍ ചെയ്തസംഭവം ഇപ്പോഴും ഓര്‍ക്കുന്നു. പേപ്പര്‍ സീല്‍ വച്ച ശേഷം വീണ്ടും സീലിംഗ്. ബ്രൗണ്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞശേഷം ചാക്കുനൂലുപയോഗിച്ച് കെട്ടണം. അതിനുശേഷം തുണിസഞ്ചിയിലാക്കി കെട്ടി ടാഗ് കെട്ടി വീണ്ടും സീലിംഗ്. ഇതെല്ലാം ഞാനാണ് ചെയ്തത്. ചണനൂല്‍ കെട്ടിയത് എങ്ങിനെയോ കൃത്യമായി വന്നു. ഒട്ടും ബാലന്‍സില്ല. അതുപോലെ തുണിസഞ്ചി കെട്ടിക്കഴിഞ്ഞപ്പോള്‍ നല്ല പൂര്‍ണ്ണതയുണ്ടായിരുന്നു. എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഏജന്റ് മറ്റൊരാളോടുപറഞ്ഞ ഒരു കമന്റ് ഇപ്പോഴും ഒര്‍ക്കുന്നു. "ഇങ്ങനെകെട്ടുന്നതിനൊക്കെ അവര്‍ക്ക് പ്രത്യേക ട്രയിനിംഗ് ഉണ്ടന്നേ...." .'എന്തുട്രെയിനിംഗ്...ഇങ്ങനെഒപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യം....!'  ഞാന്‍ മനസ്സിലോര്‍ത്തു.

2004 ലോകസഭാതെരഞ്ഞെടുപ്പായിരുന്നു അഞ്ചാമത്തെ ഇലക്ഷന്‍ഡ്യൂട്ടി. ആ പ്രാവശ്യം മുതലാണ് നിയോജകമണ്ഡലം മാറി ഡ്യൂട്ടിക്ക്പോകേണ്ടിവന്നത്. അന്ന് ഡ്യൂട്ടി വടക്കാഞ്ചേരിയിലായിരുന്നു. അവിടത്തെ പ്രത്യേകത അവിടെ അന്ന് അസംബ്ലി ഉപതെരഞ്ഞെടുപ്പും ഉണ്ടായിരുന്നു. വോട്ടിംഗ് യന്ത്രത്തിലായിരുന്നു പോളിംഗ്. അവിടെ ചെല്ലുന്നതുവരെ ഇത് എങ്ങിനെയായിരിക്കും എന്ന് സംശയമായിരുന്നു. അതായത് ഒരു കണ്‍ട്രോള്‍ യൂണിറ്റും രണ്ട് ബാലറ്റുയൂണിറ്റുമായിരിക്കുമോ അതോ രണ്ട് കണ്ട്രോള്‍ യൂണിറ്റും രണ്ട് ബാലറ്റ് യൂണിറ്റുമായിരിക്കുമോ എന്ന്. കാരണം പറവൂരിലെ പരിശീലനക്ലാസ്സില്‍ അവര്‍ക്കും വല്യധാരണയില്ലായിരുന്നു. പക്ഷേ വടക്കാഞ്ചേരിയില്‍ എത്തിയപ്പോള്‍ കാര്യം തീരുമാനമായി. രണ്ട് കണ്ട്രോള്‍ യൂണിറ്റ് രണ്ട് ബാലറ്റ് യൂണിറ്റ്. അസംബ്ലിക്കും ലോകസഭക്കുമായി പ്രത്യേകം കവറുകള്‍ ഫോമുകള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടുതല്‍. നേരത്തേ കണ്ടു പരിചയമില്ലാത്തവരായിരുന്നു കൂടെയുണ്ടായിരുന്നു. എനിക്ക് പ്രിസൈഡിംഗ് ഡ്യൂട്ടിയായിരുന്നു. എന്നേക്കാള്‍ സീനിയറായ അധ്യാപകന്‍  ജോബ്സണ്‍ സാറായിരുന്നു ഫസ്റ്റ് പോളിംഗ് ഓഫീസര്‍. വളരെ സീനിയറായ രണ്ട് ബാങ്കുദ്യോഗസഥരും കൂടെയൂണ്ടായിരുന്നു. പോളിംഗ് ബുത്തില്‍ വളരെ പരിമിതമായ സൗകര്യമേ ഉണ്ടായിരുന്നുള്ളു. അടുത്തവീട്ടില്‍ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യം ചെയ്തുതന്നു. തിരിച്ചുപോന്നപ്പോഴാണ് പെട്ടുപോയത്. തൃശൂര്‍ വരെ ബസ് കിട്ടി. പിന്നീട് പല ചെറുവണ്ടികളില്‍ കയറി പോരേണ്ടി വന്നു. വീട്ടിലെത്തിയപ്പോള്‍ നേരം പാതിരാത്രി കഴിഞ്ഞു.

2005ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു അടുത്ത ഇലക്ഷന്‍ഡ്യൂട്ടി. പ്രിസൈഡിംഗ് ഓഫീസര്‍ എന്റെ സ്ക്കൂളിലെ തന്നെ ജയശ്രീടിച്ചറായിരുന്നു. എനിക്ക് ഒന്നാം പോളിംഗ്ഓഫീസര്‍ ഡ്യൂട്ടി.
പക്ഷേ ആ തവണ വോട്ടെണ്ണല്‍സമയത്തെ ഡാറ്റ അപ് ലോഡ് ചെയ്യേണ്ട ഡ്യൂട്ടികിട്ടി. അതിനാല്‍ പോളിംഗ് ഡ്യൂട്ടി ഒഴിവാക്കി തന്നു. ഡാറ്റ അപ് ലോഡ് ചെയ്യല്‍ ചെറിയ ഡ്യൂട്ടിയായിരുന്നില്ല. കൗണ്ടിംഗ് സ്റ്റേഷനില്‍ കമ്പ്യുട്ടര്‍ ഉള്‍പ്പെടെയുള്ളവ സ്വന്തമായി സംഘടിപ്പിച്ചുവയ്ക്കേണ്ടിവന്നു. എനിക്കും രഘുസാറിനുമായിരുന്നു അവിടത്തെ ഡ്യൂട്ടി. കൗണ്ടിംഗ് ആദ്യമായി കാണുകയായിരുന്നു. പുതിയ അനുഭവമായിരുന്നു അത്. പക്ഷേ ഡാറ്റാ എന്‍ട്രി പരാജയമായിരുന്നു. സെര്‍വര്‍ ഡൗണ്‍ ആയതുകൊണ്ട് വേണ്ടസമയത്ത് അപ് ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല.

2006ലെ അസംബ്ലി തെരഞ്ഞെടുപ്പ് ഡ്യൂട്ടി പെരുമ്പാവൂര്‍ മണ്ഡലത്തിലായിരുന്നു. അന്നും ഒന്നാം പോളിംഗ് ജോലി തന്നെ. പ്രിസൈഡിംഡ് കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. കൂടെയുണ്ടായിരുന്ന ഒരാള്‍ കൊച്ചി റിഫൈനറി ഉദ്യോഗസ്ഥനായിരുന്നു. മറ്റേയാളെ ഓര്‍ക്കുന്നില്ല. അന്ന് പെരുമ്പാവൂര്‍വരെ ബൈക്കുകൊണ്ടുപോയിരുന്നതുകൊണ്ട് തിരിച്ചുപോരല്‍ ബുദ്ധിമുട്ടുണ്ടായില്ല.

2009 ലെ ലോകസഭാ ഇലക്ഷനാണ്. എനിക്ക് ഡ്യൂട്ടി ഉണ്ടാകാതിരുന്ന ഒരു തെരെഞ്ഞെടുപ്പ്.

എട്ടാമത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു. പറവൂര്‍ മുനിസിപ്പാലിറ്റിയിലായിരുന്നു ഡ്യൂട്ടി. പ്രിസൈഡിംഗായിരുന്നു. ഒന്നാം പോളിംഗ് ഓഫിസര്‍ അളവുതൂക്ക ഇന്‍സ്പെക്ടറായിരുന്നു. പറവൂരെ ഒരു ടീച്ചറും എന്റെ സുഹൃത്തിന്റെ ഭാര്യയായ കോടതിയിലെ ഉദ്യോഗസ്ഥയുമായിരുന്നു മറ്റുരണ്ടുപേര്‍. ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചചെയ്തില്ല എന്നതായിരുന്നു അന്നത്തെ പ്രത്യേകത. വാശിയുള്ള തെരെഞ്ഞെടുപ്പായിരുന്നു കുഴപ്പമില്ലാതെ നടന്നു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഒമ്പതാമത്തേത്. തൃക്കാക്കര മണ്ഡലത്തിലായിരുന്നു ഡ്യൂട്ടി. ആദ്യം ഡ്യൂട്ടിയിലിട്ടവരെ വീണ്ടും തരംതിരിക്കുന്ന പ്രവണത തുടങ്ങിയത് ഇവിടെ മുതലാണ്.
എന്റെ കൂടെയൂള്ള ഫസ്റ്റ് പോളിംഗ് ഓഫീസറെ മാറ്റി വേറെ ആളെ വച്ചു. ഫാക്ട് ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പോളിംഗ് ഓഫീസര്‍. മറ്റു മൂന്നുപേരില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. കൊതുകുകടികൊണ്ട് തലേദിവസം ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. ജയസൂര്യ ആ ബൂത്തിലെ വോട്ടറായതിനാല്‍ ചില ചാനലുകരും വന്നു.

2014 എന്റെ പത്താമത് ഇലക്ഷന്‍ഡ്യൂട്ടി യായിരുന്നു. ഒന്നാം പോളിംഗ് ഓഫിസറായി. വലിയ പ്രതീക്ഷയോടെ ചെന്നപ്പോള്‍ ടീമില്‍ മാറ്റം ഞാനും പ്രിസൈഡിംഗും റിസര്‍വിലായിരിക്കുന്നു. മറ്റുള്ളവര്‍ ഡ്യൂട്ടിക്കുപോകുന്നത് കൊതിയോടെ നോക്കിനിന്നു. റിസര്‍വുകാരെ വീണ്ടും വിളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ റിസര്‍വാക്കി മാറ്റിയവര്‍ വളരെയധികം പേരുണ്ടായിരുന്നു. അതിനാല്‍ എല്ലാ റിസര്‍വുകാരെയും വൈകിട്ടോടെ പറഞ്ഞുവിട്ടു. വേണ്ടിവന്നാല്‍ വിളിക്കുമെന്നും പറഞ്ഞു. വിളിക്കണമെങ്കില്‍ ഇപ്പോള്‍ ഡ്യൂട്ടിക്കുപോയ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വരണം. അതുവേണ്ട. എല്ലാവരും സുഖമായി നന്നായി ഡ്യൂട്ടിചെയ്യട്ടെ. ഞാന്‍ വീട്ടിലിരിക്കാം പഴയ ഇലക്ഷന്‍ ഓര്‍മ്മകളുമായി..............

Wednesday, April 16, 2014

ശിവദാസ്

ശിവദാസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പലപ്പോഴായി എഴുതതണമെന്നു കരുതിയെങ്കിലും അതിനുള്ള ഒരു മൂഡ് ഉണ്ടായില്ല. ഏതായാലും അവന്റെ രക്ഷകര്‍ത്താക്കള്‍ വന്നതിനുശേഷം ഒരു ചെറിയ മാറ്റം അവനില്‍ കണ്ടു തുടങ്ങി. പഠനത്തില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഓരോ ടീച്ചര്‍മാരും 'ദത്തെടുക്കുന്ന 'ഒരു പരിപാടി നേരത്തേമുതല്‍ സ്ക്കൂളില്‍ ഉണ്ടായിരുന്നു. ഞാനായിരുന്നു ഇത് തുടങ്ങിവച്ചത്. തുടങ്ങിയകൊല്ലം വളരെ നല്ല മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഒരു ടീച്ചര്‍ ഒരു കുട്ടിയെ എന്ന രീതിയില്‍ ദത്തെടുക്കുമ്പോള്‍ അവന്റെ പഠനകാര്യങ്ങളിലെല്ലാം രക്ഷകര്‍ത്താക്കളേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന പരിപാടിയായിരുന്നു ഇത്. ഓരോ ടീച്ചര്‍മാരുടെയും കഴിവനുസരിച്ച് കുട്ടികളില്‍ നല്ലമാറ്റം ഉണ്ടായി. ചില അധ്യാപികമാരാണ് ഇത് വളരെ ഫലപ്രദമായി നടപ്പാക്കിയത്. ഈ കാര്യവും കൃത്യമായി നടപ്പാക്കാത്തവരും ഉണ്ടായിരുന്നു. ഏതായാലും ആദ്യവര്ഷം ഉണ്ടായ നല്ല പ്രതികരണം പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉണ്ടായില്ല. ഈ വര്‍ഷം കാര്യക്ഷമമായി ഈ പ്രവര്‍ത്തനം നടത്തണമെന്ന് ഞാന്‍ കരുതി. പിന്നോക്കം നില്‍ക്കുന്ന 60 കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. ഓരോ കുട്ടിയ്ക്കും അനുയോജ്യരായ ടീച്ചര്‍മാരെയും നിശ്ചയിച്ചു. ശിവദാസിന്റെ ചുമതല ഞാന്‍ തന്നെയാണ് ഏറ്റെടുത്തത്. ഇടയ്ക്കിടയ്ക്ക് അവന്റെ പഠനകാര്യങ്ങളും വീട്ടുകാര്യങ്ങളും തിരക്കികൊണ്ടിരുന്നു.
പഠനനിലവാരം മോശമായ കുട്ടികളെ സ്ക്കൂളില്‍ തന്നെ താമസിപ്പിച്ചു പഠിപ്പിക്കുന്ന ഒരു ക്യാമ്പ് സ്ക്കൂളില്‍ നടത്താറുണ്ട്. മൂന്നുവര്‍ഷമായി ഇത് നടക്കുന്നു. ഷിബുസാറാണ് ഇതിന്റെ ചുമതലവഹിച്ചിരുന്നത്. ക്യാമ്പ് നടക്കുന്ന പത്തുദിവസവും രാത്രി അദ്ദേഹം അവിടെ താമസിച്ചിരുന്നു. മറ്റുഅദ്ധ്യാപകര്‍ രണ്ടുപേര്‍ വീതം ചിലദിവസങ്ങളില്‍ ഉണ്ടാകും. ഈ വര്‍ഷവും ഇത് നടത്താന്‍ തീരുമാനിച്ചു. ആദ്യപടി എന്നനിലയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ശിവദാസിന്റെ 'അമ്മ'യും വന്നിരുന്നു. മീറ്റിംഗിനുശേഷം അവരുമായി ഞാന്‍ കുടുതല്‍ നേരം സംസാരിച്ചു.
ശിവദാസിന്റെ കാര്യത്തില്‍ അവര്‍ക്ക് വലിയ താല്പര്യമുണ്ട് എന്നു തോന്നത്തക്കരീതിയിലായിരുന്നു അവരുടെ സംസാരം. കുറച്ചുനേരം ഞാന്‍ അവരോട് മാത്രമായി സംസാരിച്ചു. കുറെ കാര്യങ്ങള്‍ അവനോടുള്ള ഉപദേശരൂപത്തില്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ ശിവദാസ് അവരുടെ സ്വന്തം മകനല്ല എന്നും അവന് മൂന്നുവയസ്സുള്ളപ്പോഴാണ് അവര്‍ അവന്റെ അച്ഛന്റെ രണ്ടാംഭാര്യയായി വന്നതെന്നും പറഞ്ഞു. "എനിക്ക് വല്യ താല്പര്യമൊന്നുമുണ്ടായില്ല സാറെ പിന്നെ എന്റെ ആങ്ങളമാര്‍ നിര്‍ബന്ധിച്ചപ്പോള്‍ കഴിച്ചതാണ്. എന്റെ ആദ്യ വിവാഹം ഡൈവോഴ്സായി ഞാന്‍ വീട്ടില്‍ നില്‍ക്കയായിരുന്നു. ഞാന്‍ അത്യാവശ്യം കോളേജിലൊക്കെ പഠിച്ചതാ. എന്തു ചെയ്യം എന്റെ വിധി ഇങ്ങനെയായി. ശിവദാസിനെക്കൂടാതെ  ഇതിന്റെ മൂത്തത് ഒരു പെങ്കോച്ചും ഉണ്ട്. അതിന്റെ കല്യാണം കഴിഞ്ഞു. അതും പഠിക്കാന്‍ പിന്നിലായിരുന്നു. ഇവരുടെ അച്ചന്‍ ബോംബെലായിരുന്നല്ലോ. ഇപ്പഴല്ലേ വീട്ടില്‍ നില്‍ക്കുന്നത്. ചെറുപ്പം മുതലേ ഇതിനെയൊക്കെ വളര്‍ത്തിയത് ഞാന്‍തന്നെയാ. ശിവദാസ് വളരെ ചെറുതായിരിക്കുമ്പോഴാണ് അവന്റെ അമ്മ മരിച്ചത് . അവര്‍ക്ക് ക്യാന്‍സറോ എന്തോഒക്കെയായിരുന്നു. പിന്നേ ഇവര്‍ എന്റെ സ്വന്തം മക്കളായിരുന്നെങ്കില്‍ ഞാന്‍ ഇവരെ നന്നാക്കിവളര്‍ത്തിയേനേ....!"
ഞാന്‍ ഇട്യ്ക്കുകേറി ഇടപെട്ടു.
"ഇവര്‍ക്ക് നിങ്ങള്‍ സ്വന്തമാണെന്നു തോന്നാത്തതാണ് ഇവര്‍ ഇങ്ങനെയാവാന്‍ കാരണം. അമ്മ ചെയ്യുന്നതു പോലെ സ്നേഹിക്കുകയും ശാസിക്കുകയും ഒക്കെ ചെയ്യേണ്ടെ...? എങ്കിലല്ലേ അവര്‍ വഴി തെറ്റാതിരിക്കൂ...നല്ലവണ്ണം പഠിക്കൂ." അത് അവര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല, അവര്‍ പറഞ്ഞൂ, "ഞാന്‍ കൂടുതല്‍ ശിക്ഷിക്കാനൊന്നും ഉപദേശിക്കാനും നിക്കാറില്ല. അങ്ങനെ എന്തെങ്കിലും ചെയ്താല്‍ പിന്നെ അതാവും ഒരു കാരണം"
"ഭാവിയില്‍ നിങ്ങളെ നോക്കേണ്ടത് ഇവനല്ലേ....അവര്‍ക്കും അത് തോന്നണ്ടെ...?"
"എനിക്ക് അത്രപ്രതീക്ഷയൊന്നുമില്ല എല്ലാം ദൈവം കാത്തോളും....." അവര്‍ പറഞ്ഞു.

ഞാന്‍ അവന്റെ അമ്മയെ യാത്രയാക്കി...ശിവദാസിന് പഠനത്തില്‍ താല്പരയ്യം കൂടിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പിന്നീട് ശിവദാസിനോടു പറഞ്ഞു. അച്ചനും അമ്മയ്ക്കും ഒക്കെ പ്രായമായി വരികയാണ്. നീ തന്നെയാണ് അവരെ സംരക്ഷിക്കേണ്ടത്. നിന്നെ അവര്‍ സ്നേഹിക്കുന്നില്ലെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കില്‍ പോലും....
ഇത്രയും കാലം അമ്മയില്ലാത്ത നിന്നെ ഇത്രയും ആക്കിയത് അവരുതന്നെയല്ലെ....ആ കടപ്പാടും സ്നേഹവും നിനക്കുണ്ടാകണം. നന്നായി പഠിക്കണം ....മരിച്ചുപോയ നിന്റെ സ്വന്തം അമ്മയ്ക്കായി ചെയ്യുന്ന നല്ല കാര്യവും അതുതന്നെയാണ്. അപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പക്ഷേ അവന്‍കരഞ്ഞില്ല.

അടുത്ത ദിവസം മുതല്‍ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന ക്യാമ്പ് തുടങ്ങി. ഷിബുസാറിന്റെ നേതൃത്വത്തില്‍. മറ്റ് രണ്ടുമൂന്നു അധ്യാപകര്‍ ദിവസവും ഉണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ പലരും അസ്വസ്ഥരായിരുന്നു. കാരണം ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായിരുന്ന് പഠിക്കാത്തവരായിരുന്നു എല്ലാവരും. ഒരു ദിവസം മുഴുവന്‍ പഠനം എന്നത് പലരുടെയും ആവാസവ്യവസ്ഥതന്നെ മാറ്റി. ചിലരെ ലീഡര്‍മാരാക്കിയിരുന്നു.
ശിവദാസ് ഇവിടെ പേരെടുത്തു, പഠനകാര്യത്തിലായിരുന്നില്ല, പക്ഷേ ഭക്ഷണകാര്യത്തില്‍. പ്രഭാതഭക്ഷണം എല്ലാവരും കഴിക്കുന്നതിന്റെ ഇരട്ടി. ഉച്ചഭക്ഷണവും അത്താഴവും ഒക്കെ എല്ലാവരും കഴിക്കുന്നതിന്റെ ഇരട്ടിയും അതിലധികവും അവന്‍ കഴിച്ചു. അവനേക്കാള്‍ ശരീരബലം കൂടിയവരേക്കാളും കൂടുതല്‍ ഭക്ഷണം അവന്‍ കഴിച്ചു.
ക്യാമ്പിലെ സംസാരം ഇവന്റെ ഭക്ഷണ കാര്യമായി.
എനിക്ക് ഇത് ഒരു പിടിയും കിട്ടിയില്ല. കാരണം ഭക്ഷണം കഴിക്കാതിരിക്കാന്‍ ശീലിച്ചിട്ടുള്ളവനാണ് ശിവദാസ്. രാവിലെ വീട്ടില്‍ അമ്മ തയ്യാറാക്കാന്‍ വൈകിയാല്‍ കഴിക്കാതെ പോരും. ഉച്ചയ്ക്ക് സ്ക്കൂളിലെ ഭക്ഷണമാണ് കഴിക്കുക. അതും എല്ലാവരും കഴിച്ചതിനുശേഷം. ചിലപ്പോള്‍ മനപ്പൂര്‍വ്വം കഴിക്കാതിരിക്കും. വൈകിട്ടും അങ്ങിനെ തന്നെ. ചിലപ്പോള്‍ വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ രാവിലത്തെ ചോറുണ്ടാകും എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ആ ഹരിദാസാണ് ഇപ്പോള്‍ തീറ്റക്കാരന്‍ എന്നപേരുകിട്ടിയിരിക്കുന്നത്. അതിനിടയില്‍ ആരോ അവനെകളിയാക്കിയത്രെ കുട്ടികള്‍ മാത്രമല്ല, ചില അധ്യാപകരും ഉണ്ടായിരുന്നു. അന്നു മുതല്‍ അവന്‍ ഭക്ഷണം കഴിക്കുന്നില്ല. ചില കുട്ടികള്‍ എന്നോടു വന്നു പറഞ്ഞു ശിവദാസ് ഭക്ഷണം കഴിക്കുന്നില്ല. ഞാന്‍ അവനോട് ചെന്ന്  രാവിലെ ഭക്ഷണം കഴിക്കാതിരുന്നതെന്താണെന്ന് ചോദിച്ചു , ഞാന്‍ കഴിച്ചു, കുറച്ചാണ്കഴിച്ചത് വായില് പുണ്ണ് വന്നതുകൊണ്ട് കഴിക്കാന്‍ ബുദ്ധിമുട്ടാ​ണ് എന്നു മറുപട്ടി. ഉച്ചയ്ക്ക് നേരാംവണ്ണം ഭക്ഷണം കഴിച്ചോളണം എന്നു താക്കീതും നല്‍കി. ഉച്ച ഭക്ഷണസമയ്ത്ത്  ‍ഞാനുണ്ടായിരുന്നു. ഹരിദാസിനെ കാണാനില്ല. ‍ഞാന്‍ ചെന്നു നോക്കുമ്പോള്‍ അവന്‍ ക്ലാസ്സ് മുറിയിലാണ്. കഴിക്കാന്‍ പറഞ്ഞപ്പോള്‍ വിശപ്പില്ല, വായ്പ്പുണ്ണ് എന്നൊക്കെ മറുപടി പറഞ്ഞു. വായ്പ്പുണ്ണ് അവിടെ ഇരിക്കട്ടെ. ഭക്ഷണം കഴിച്ചേ മതിയാവു..ഞാന്‍ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോയി. അന്ന് ഞാനും അവനും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്.

ക്യാമ്പ് സമാപിച്ചു. കുട്ടികള്‍ എല്ലാവരും പാസാകുമോ....?അനിശ്ചിതത്വം നിലനിന്നിരുന്നു...കാരണം ഇതിനേക്കാള്‍ മികച്ചവരായിരുന്നു ഇതിനുമുന്‍വര്‍ഷത്തെ കുട്ടികള്‍.....അടുത്ത ദിവസം എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചു.......

****************

ഇന്ന് SSLC പരീക്ഷാഫലം വന്നു.......384 പേരില്‍ 382 പേര്‍ പാസായി.......
കൂടുതല്‍ A+കള്‍......മുന്‍വര്‍ഷത്തേക്കാള്‍ മികച്ച വിജയം.....
പാസാകാത്ത രണ്ടുപേര്‍ ഓരോവിഷയങ്ങള്‍ക്കാണ് പരാജയപ്പെട്ടത്. സോഷ്യല്‍ സയന്‍സിന്......
ശിവദാസ് പരാജയപ്പെട്ടില്ല.....
ജീവിതത്തിലെ അവന്റെ ഇനിയുള്ള എല്ലാവിജയങ്ങളുടെയും തുടക്കമിതാകട്ടെ.....!

Friday, January 3, 2014

3/01/2014

ഇന്ന് രാവിലെ എച്ച് എം ഉണ്ടായിരുന്നില്ല. എനിക്കായിരുന്നു ചാര്‍ജ്.
രാവിലെ തന്നെ ഒരു ദുരന്തവാര്‍ത്തയാണ് കേട്ടത്....8ലും 9ലും പഠിക്കുന്ന രണ്ട് കുട്ടികളുടെ അച്ഛന്‍
ആത്മഹത്യ ചെയ്തു. വെളുപ്പിനാണ് സംഭവിച്ചത്....ബോഡി പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് ഉച്ചയോടെ എത്തുമെന്നും അറിയാന്‍ കഴിഞ്ഞു. കുട്ടികളെ എനിക്ക് പരിചയമില്ല. ഞാന്‍ ആ ക്ലാസ്സില്‍ എടുക്കുന്നില്ല. ക്ലാസ്സ് ടിച്ചേഴ്സിനോടു ചോദിച്ചു. കുട്ടികള്‍ പഠനത്തില്‍ മിടുക്കരല്ല.അച്ഛന്‍ മദ്യപാനിയായിരുന്നു....കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യം കഷ്ടം തന്നെ..............................................

ഒന്നാമത്തെ പിരീയഡ് കഴിഞ്ഞപ്പോഴാണ്, ഇന്നലത്തെ പ്രശ്നത്തിന്റെ തീര്‍പ്പിനായി ഉമ്മയും മകനും കൂടി വന്നത്.
മകനും കൂട്ടുകാരനും കൂടി ഉച്ചയ്ക്ക് സ്ക്കൂളില്‍ നിന്ന് വിട്ടു....യൂണിഫോം ബാഗില്‍ അഴിച്ചുവച്ചു.മറ്റൊരു ഡ്രസ്സ് ഇട്ടിട്ട്. അടുത്തുള്ള ഒരു പറമ്പിലി‍ പോയിരിക്കുന്നു. രണ്ടുമൂന്ന് അധ്യാപകര്‍ ബാങ്കില്‍ പോയി വരുന്ന വഴി കണ്ടു. അവരെ പൊക്കി. കയ്യില്‍ മൊബൈല്‍....വായ്ക്ക് സിഗരറ്റിന്റെ മണം......ഒരാളെ ഇന്നലെ തന്നെ കൈകാര്യം ചെയ്തിരുന്നു. ടി.സി അപേക്ഷ നല്‍കിയാണ് അവര്‍ പോയത്.....................ഇന്ന് വന്നവന്‍ ഇതുപോലെ....ആദ്യമാണ്.......ആദ്യത്തതും അവസാനത്തേതുമായ വാണിംഗ് കൊടുത്തുവിട്ടു......

ഉച്ചയ്ക്ക് ഇന്റര്‍ വെല്ൃ സമയത്ത് ശിവദാസിന്റെ അച്ചനും അമ്മയും വന്നു. അവന്റെ അച്ചനെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ഞാന്‍ അവനെ പറ്റി കുറ്റമൊന്നും അവരോട് പറഞ്ഞില്ല.....നിങ്ങള്‍ കുറെ ശ്രദ്ധിക്കണം....അവന്‍ പഠനത്തില്‍ ഇപ്പോള്‍ താല്‍പ്പര്യം കൂടുതല്‍ കാട്ടുന്നുണ്ട്......എന്നൊക്കെയാണ് പറഞ്ഞത്......
ടീച്ചര്‍ വൈകുന്നേരം സ്പെഷ്യല്‍ ക്ലാസ്സില്‍ ഇരിക്കാന്‍ പറഞ്ഞിട്ടുണ്ട്.....രാത്രി വൈകിയാലും കുഴപ്പമില്ല....ഞാന്‍ വന്നുകൊണ്ടു പൊയ്ക്കോള്ളാം....എന്ന് അവന്റെ അച്ചന്‍ പറഞ്ഞു......ശിവദാസിന്റെ ശബ്ദം  തൊണ്ടയില്‍ തന്നെയാണ്.....അവന് സങ്കടമുണ്ടെന്ന് എനിക്ക് തോന്നി....ശരി പൊയ്ക്കോളൂ എന്ന് ഞാന്‍ പറഞ്ഞൂ......
.....അന്നത്തെ കോപ്പിയടി പ്രശ്നത്തിനുശേഷം എനിക്ക് ഇതുവരെയും മനസ്സുതുറന്ന് അവനോട് സംസാരിക്കാന്‍ പറ്റിയിട്ടില്ല......ഇന്ന് വൈകിട്ട് എന്റെ സ്പെഷ്യല്‍ക്ലാസ്സ് ഉണ്ട്......അതിനുമുന്പുള്ള ഗ്യാപ്പില്‍ സംസാരിക്കാം എന്നു കരുതി......ആസമയം അവനെചെന്നു വിളിച്ചു.....അവനെയും കൂട്ടി അടുത്ത ക്ലാസ്സിനപ്പുറത്തേക്കുപോയി....ക്ലാസ്സിലെ കുട്ടികള്‍ ഞങ്ങളെതന്നെ നോക്കുന്നു....ഞാന്‍ പറഞ്ഞൂ.....വൈകിട്ട് പോകുമ്പോള്‍ ഞാന്‍ നിന്നെ ബസ്സ്റ്റാന്‍ഡില്‍ ആക്കിത്തരാം ഇപ്പോ പൊയ്ക്കോളൂ......പിന്നീട് ഞാന്‍ അവിടെ ചെന്ന് ക്ലാസ്സെടുത്തൂ.....വൈകിട്ട് അവന്‍ എന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ് വന്നത്......‍ഞാന്‍ അവനോട് ഓരോന്നായി ചോദിച്ചു.....മുഖം പരസ്പരം കാണാത്തത്തിനാല്‍ ചോദിക്കാന്‍ എനിക്കും പറയാന്‍ അവനും ബുദ്ധിമുട്ടുണ്ടായില്ല......