Wednesday, April 16, 2014

ശിവദാസ്

ശിവദാസിനെക്കുറിച്ചുള്ള കാര്യങ്ങള്‍ പലപ്പോഴായി എഴുതതണമെന്നു കരുതിയെങ്കിലും അതിനുള്ള ഒരു മൂഡ് ഉണ്ടായില്ല. ഏതായാലും അവന്റെ രക്ഷകര്‍ത്താക്കള്‍ വന്നതിനുശേഷം ഒരു ചെറിയ മാറ്റം അവനില്‍ കണ്ടു തുടങ്ങി. പഠനത്തില്‍ വളരെ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഓരോ ടീച്ചര്‍മാരും 'ദത്തെടുക്കുന്ന 'ഒരു പരിപാടി നേരത്തേമുതല്‍ സ്ക്കൂളില്‍ ഉണ്ടായിരുന്നു. ഞാനായിരുന്നു ഇത് തുടങ്ങിവച്ചത്. തുടങ്ങിയകൊല്ലം വളരെ നല്ല മാറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. ഒരു ടീച്ചര്‍ ഒരു കുട്ടിയെ എന്ന രീതിയില്‍ ദത്തെടുക്കുമ്പോള്‍ അവന്റെ പഠനകാര്യങ്ങളിലെല്ലാം രക്ഷകര്‍ത്താക്കളേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന പരിപാടിയായിരുന്നു ഇത്. ഓരോ ടീച്ചര്‍മാരുടെയും കഴിവനുസരിച്ച് കുട്ടികളില്‍ നല്ലമാറ്റം ഉണ്ടായി. ചില അധ്യാപികമാരാണ് ഇത് വളരെ ഫലപ്രദമായി നടപ്പാക്കിയത്. ഈ കാര്യവും കൃത്യമായി നടപ്പാക്കാത്തവരും ഉണ്ടായിരുന്നു. ഏതായാലും ആദ്യവര്ഷം ഉണ്ടായ നല്ല പ്രതികരണം പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉണ്ടായില്ല. ഈ വര്‍ഷം കാര്യക്ഷമമായി ഈ പ്രവര്‍ത്തനം നടത്തണമെന്ന് ഞാന്‍ കരുതി. പിന്നോക്കം നില്‍ക്കുന്ന 60 കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി. ഓരോ കുട്ടിയ്ക്കും അനുയോജ്യരായ ടീച്ചര്‍മാരെയും നിശ്ചയിച്ചു. ശിവദാസിന്റെ ചുമതല ഞാന്‍ തന്നെയാണ് ഏറ്റെടുത്തത്. ഇടയ്ക്കിടയ്ക്ക് അവന്റെ പഠനകാര്യങ്ങളും വീട്ടുകാര്യങ്ങളും തിരക്കികൊണ്ടിരുന്നു.
പഠനനിലവാരം മോശമായ കുട്ടികളെ സ്ക്കൂളില്‍ തന്നെ താമസിപ്പിച്ചു പഠിപ്പിക്കുന്ന ഒരു ക്യാമ്പ് സ്ക്കൂളില്‍ നടത്താറുണ്ട്. മൂന്നുവര്‍ഷമായി ഇത് നടക്കുന്നു. ഷിബുസാറാണ് ഇതിന്റെ ചുമതലവഹിച്ചിരുന്നത്. ക്യാമ്പ് നടക്കുന്ന പത്തുദിവസവും രാത്രി അദ്ദേഹം അവിടെ താമസിച്ചിരുന്നു. മറ്റുഅദ്ധ്യാപകര്‍ രണ്ടുപേര്‍ വീതം ചിലദിവസങ്ങളില്‍ ഉണ്ടാകും. ഈ വര്‍ഷവും ഇത് നടത്താന്‍ തീരുമാനിച്ചു. ആദ്യപടി എന്നനിലയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ രക്ഷാകര്‍ത്താക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ശിവദാസിന്റെ 'അമ്മ'യും വന്നിരുന്നു. മീറ്റിംഗിനുശേഷം അവരുമായി ഞാന്‍ കുടുതല്‍ നേരം സംസാരിച്ചു.
ശിവദാസിന്റെ കാര്യത്തില്‍ അവര്‍ക്ക് വലിയ താല്പര്യമുണ്ട് എന്നു തോന്നത്തക്കരീതിയിലായിരുന്നു അവരുടെ സംസാരം. കുറച്ചുനേരം ഞാന്‍ അവരോട് മാത്രമായി സംസാരിച്ചു. കുറെ കാര്യങ്ങള്‍ അവനോടുള്ള ഉപദേശരൂപത്തില്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. അതിനിടയില്‍ ശിവദാസ് അവരുടെ സ്വന്തം മകനല്ല എന്നും അവന് മൂന്നുവയസ്സുള്ളപ്പോഴാണ് അവര്‍ അവന്റെ അച്ഛന്റെ രണ്ടാംഭാര്യയായി വന്നതെന്നും പറഞ്ഞു. "എനിക്ക് വല്യ താല്പര്യമൊന്നുമുണ്ടായില്ല സാറെ പിന്നെ എന്റെ ആങ്ങളമാര്‍ നിര്‍ബന്ധിച്ചപ്പോള്‍ കഴിച്ചതാണ്. എന്റെ ആദ്യ വിവാഹം ഡൈവോഴ്സായി ഞാന്‍ വീട്ടില്‍ നില്‍ക്കയായിരുന്നു. ഞാന്‍ അത്യാവശ്യം കോളേജിലൊക്കെ പഠിച്ചതാ. എന്തു ചെയ്യം എന്റെ വിധി ഇങ്ങനെയായി. ശിവദാസിനെക്കൂടാതെ  ഇതിന്റെ മൂത്തത് ഒരു പെങ്കോച്ചും ഉണ്ട്. അതിന്റെ കല്യാണം കഴിഞ്ഞു. അതും പഠിക്കാന്‍ പിന്നിലായിരുന്നു. ഇവരുടെ അച്ചന്‍ ബോംബെലായിരുന്നല്ലോ. ഇപ്പഴല്ലേ വീട്ടില്‍ നില്‍ക്കുന്നത്. ചെറുപ്പം മുതലേ ഇതിനെയൊക്കെ വളര്‍ത്തിയത് ഞാന്‍തന്നെയാ. ശിവദാസ് വളരെ ചെറുതായിരിക്കുമ്പോഴാണ് അവന്റെ അമ്മ മരിച്ചത് . അവര്‍ക്ക് ക്യാന്‍സറോ എന്തോഒക്കെയായിരുന്നു. പിന്നേ ഇവര്‍ എന്റെ സ്വന്തം മക്കളായിരുന്നെങ്കില്‍ ഞാന്‍ ഇവരെ നന്നാക്കിവളര്‍ത്തിയേനേ....!"
ഞാന്‍ ഇട്യ്ക്കുകേറി ഇടപെട്ടു.
"ഇവര്‍ക്ക് നിങ്ങള്‍ സ്വന്തമാണെന്നു തോന്നാത്തതാണ് ഇവര്‍ ഇങ്ങനെയാവാന്‍ കാരണം. അമ്മ ചെയ്യുന്നതു പോലെ സ്നേഹിക്കുകയും ശാസിക്കുകയും ഒക്കെ ചെയ്യേണ്ടെ...? എങ്കിലല്ലേ അവര്‍ വഴി തെറ്റാതിരിക്കൂ...നല്ലവണ്ണം പഠിക്കൂ." അത് അവര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ല, അവര്‍ പറഞ്ഞൂ, "ഞാന്‍ കൂടുതല്‍ ശിക്ഷിക്കാനൊന്നും ഉപദേശിക്കാനും നിക്കാറില്ല. അങ്ങനെ എന്തെങ്കിലും ചെയ്താല്‍ പിന്നെ അതാവും ഒരു കാരണം"
"ഭാവിയില്‍ നിങ്ങളെ നോക്കേണ്ടത് ഇവനല്ലേ....അവര്‍ക്കും അത് തോന്നണ്ടെ...?"
"എനിക്ക് അത്രപ്രതീക്ഷയൊന്നുമില്ല എല്ലാം ദൈവം കാത്തോളും....." അവര്‍ പറഞ്ഞു.

ഞാന്‍ അവന്റെ അമ്മയെ യാത്രയാക്കി...ശിവദാസിന് പഠനത്തില്‍ താല്പരയ്യം കൂടിയിട്ടുണ്ടെന്ന് പറയുകയും ചെയ്തു. പിന്നീട് ശിവദാസിനോടു പറഞ്ഞു. അച്ചനും അമ്മയ്ക്കും ഒക്കെ പ്രായമായി വരികയാണ്. നീ തന്നെയാണ് അവരെ സംരക്ഷിക്കേണ്ടത്. നിന്നെ അവര്‍ സ്നേഹിക്കുന്നില്ലെന്ന് നിനക്ക് തോന്നുന്നുണ്ടെങ്കില്‍ പോലും....
ഇത്രയും കാലം അമ്മയില്ലാത്ത നിന്നെ ഇത്രയും ആക്കിയത് അവരുതന്നെയല്ലെ....ആ കടപ്പാടും സ്നേഹവും നിനക്കുണ്ടാകണം. നന്നായി പഠിക്കണം ....മരിച്ചുപോയ നിന്റെ സ്വന്തം അമ്മയ്ക്കായി ചെയ്യുന്ന നല്ല കാര്യവും അതുതന്നെയാണ്. അപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പക്ഷേ അവന്‍കരഞ്ഞില്ല.

അടുത്ത ദിവസം മുതല്‍ കുട്ടികള്‍ താമസിച്ചു പഠിക്കുന്ന ക്യാമ്പ് തുടങ്ങി. ഷിബുസാറിന്റെ നേതൃത്വത്തില്‍. മറ്റ് രണ്ടുമൂന്നു അധ്യാപകര്‍ ദിവസവും ഉണ്ടായിരുന്നു. ആദ്യ ദിവസങ്ങളില്‍ പലരും അസ്വസ്ഥരായിരുന്നു. കാരണം ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായിരുന്ന് പഠിക്കാത്തവരായിരുന്നു എല്ലാവരും. ഒരു ദിവസം മുഴുവന്‍ പഠനം എന്നത് പലരുടെയും ആവാസവ്യവസ്ഥതന്നെ മാറ്റി. ചിലരെ ലീഡര്‍മാരാക്കിയിരുന്നു.
ശിവദാസ് ഇവിടെ പേരെടുത്തു, പഠനകാര്യത്തിലായിരുന്നില്ല, പക്ഷേ ഭക്ഷണകാര്യത്തില്‍. പ്രഭാതഭക്ഷണം എല്ലാവരും കഴിക്കുന്നതിന്റെ ഇരട്ടി. ഉച്ചഭക്ഷണവും അത്താഴവും ഒക്കെ എല്ലാവരും കഴിക്കുന്നതിന്റെ ഇരട്ടിയും അതിലധികവും അവന്‍ കഴിച്ചു. അവനേക്കാള്‍ ശരീരബലം കൂടിയവരേക്കാളും കൂടുതല്‍ ഭക്ഷണം അവന്‍ കഴിച്ചു.
ക്യാമ്പിലെ സംസാരം ഇവന്റെ ഭക്ഷണ കാര്യമായി.
എനിക്ക് ഇത് ഒരു പിടിയും കിട്ടിയില്ല. കാരണം ഭക്ഷണം കഴിക്കാതിരിക്കാന്‍ ശീലിച്ചിട്ടുള്ളവനാണ് ശിവദാസ്. രാവിലെ വീട്ടില്‍ അമ്മ തയ്യാറാക്കാന്‍ വൈകിയാല്‍ കഴിക്കാതെ പോരും. ഉച്ചയ്ക്ക് സ്ക്കൂളിലെ ഭക്ഷണമാണ് കഴിക്കുക. അതും എല്ലാവരും കഴിച്ചതിനുശേഷം. ചിലപ്പോള്‍ മനപ്പൂര്‍വ്വം കഴിക്കാതിരിക്കും. വൈകിട്ടും അങ്ങിനെ തന്നെ. ചിലപ്പോള്‍ വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ രാവിലത്തെ ചോറുണ്ടാകും എന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ആ ഹരിദാസാണ് ഇപ്പോള്‍ തീറ്റക്കാരന്‍ എന്നപേരുകിട്ടിയിരിക്കുന്നത്. അതിനിടയില്‍ ആരോ അവനെകളിയാക്കിയത്രെ കുട്ടികള്‍ മാത്രമല്ല, ചില അധ്യാപകരും ഉണ്ടായിരുന്നു. അന്നു മുതല്‍ അവന്‍ ഭക്ഷണം കഴിക്കുന്നില്ല. ചില കുട്ടികള്‍ എന്നോടു വന്നു പറഞ്ഞു ശിവദാസ് ഭക്ഷണം കഴിക്കുന്നില്ല. ഞാന്‍ അവനോട് ചെന്ന്  രാവിലെ ഭക്ഷണം കഴിക്കാതിരുന്നതെന്താണെന്ന് ചോദിച്ചു , ഞാന്‍ കഴിച്ചു, കുറച്ചാണ്കഴിച്ചത് വായില് പുണ്ണ് വന്നതുകൊണ്ട് കഴിക്കാന്‍ ബുദ്ധിമുട്ടാ​ണ് എന്നു മറുപട്ടി. ഉച്ചയ്ക്ക് നേരാംവണ്ണം ഭക്ഷണം കഴിച്ചോളണം എന്നു താക്കീതും നല്‍കി. ഉച്ച ഭക്ഷണസമയ്ത്ത്  ‍ഞാനുണ്ടായിരുന്നു. ഹരിദാസിനെ കാണാനില്ല. ‍ഞാന്‍ ചെന്നു നോക്കുമ്പോള്‍ അവന്‍ ക്ലാസ്സ് മുറിയിലാണ്. കഴിക്കാന്‍ പറഞ്ഞപ്പോള്‍ വിശപ്പില്ല, വായ്പ്പുണ്ണ് എന്നൊക്കെ മറുപടി പറഞ്ഞു. വായ്പ്പുണ്ണ് അവിടെ ഇരിക്കട്ടെ. ഭക്ഷണം കഴിച്ചേ മതിയാവു..ഞാന്‍ നിര്‍ബന്ധിച്ചു വിളിച്ചുകൊണ്ടുപോയി. അന്ന് ഞാനും അവനും ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്.

ക്യാമ്പ് സമാപിച്ചു. കുട്ടികള്‍ എല്ലാവരും പാസാകുമോ....?അനിശ്ചിതത്വം നിലനിന്നിരുന്നു...കാരണം ഇതിനേക്കാള്‍ മികച്ചവരായിരുന്നു ഇതിനുമുന്‍വര്‍ഷത്തെ കുട്ടികള്‍.....അടുത്ത ദിവസം എസ്.എസ്.എല്‍.സി പരീക്ഷ ആരംഭിച്ചു.......

****************

ഇന്ന് SSLC പരീക്ഷാഫലം വന്നു.......384 പേരില്‍ 382 പേര്‍ പാസായി.......
കൂടുതല്‍ A+കള്‍......മുന്‍വര്‍ഷത്തേക്കാള്‍ മികച്ച വിജയം.....
പാസാകാത്ത രണ്ടുപേര്‍ ഓരോവിഷയങ്ങള്‍ക്കാണ് പരാജയപ്പെട്ടത്. സോഷ്യല്‍ സയന്‍സിന്......
ശിവദാസ് പരാജയപ്പെട്ടില്ല.....
ജീവിതത്തിലെ അവന്റെ ഇനിയുള്ള എല്ലാവിജയങ്ങളുടെയും തുടക്കമിതാകട്ടെ.....!

No comments:

Post a Comment