Friday, April 25, 2014

ഇലക്ഷന്‍ ഡ്യൂട്ടി


ആദ്യമായി ഇലക്ഷന്‍ ഡ്യുട്ടി കിട്ടിയത് 1999ലെ ലോക് സഭാ തെരെഞ്ഞെടുപ്പിലായിരുന്നു. പ്രിസൈഡിംഗ് ഓഫീസറായിട്ടായിരുന്നു. ഞാന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു അത്. എന്റെ ബൂത്ത് ഞാന്‍ ജോലി ചെയ്യുന്ന സ്ക്കൂള്‍ തന്നെയായിരുന്നു. ആദ്യ ഡ്യൂട്ടിക്ക് അത്യാവശ്യം പേടിയും ഉത്കണ്ഠയുമുണ്ടായിരുന്നു. ഇലക്ഷന്‍ ക്ലാസ്സിലൊക്കെ കൃത്യമായി പങ്കെടുത്തു. അന്ന് ആ ഇലക്ഷന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ചില മണ്ഡലങ്ങളില്‍ വോട്ടിംഗ് യന്ത്രം പരീക്ഷിച്ച സമയമായിരുന്നു അത്.എറണാകുളവും തിരുവനന്തപുരവും കേരളത്തിലെ വോട്ടിംഗ് യന്ത്ര പരീക്ഷണ മണ്ഡലങ്ങളായിരുന്നു. മെഷീനുമായി ബന്ധപ്പെട്ട് വിവിധതലത്തില്‍ പരിശീലനം ഉണ്ടായിരുന്നു. ഏജന്റുമാര്‍ക്കും മറ്റും പരിശീലനങ്ങളുണ്ടായിരുന്നു. പോളിംഗ് ഗ്രൂപ്പിലെ അംഗങ്ങളെ പരിചയപ്പെട്ടത് പോളിംഗ്സാമഗ്രികള്‍ ഏറ്റുവാങ്ങുന്ന അന്ന് രാവിലെയായിരുന്നു. ഒന്നാം പോളിംഗ് ഓഫീസര്‍ ഒരു പ്രൈമറി ഹെഡ്മിസ്ട്രസ് ആയിരുന്നു. റിട്ടയര്‍ ചെയ്യുന്നതിന് ഒരു വര്‍ഷം കൂടിയേ ഉള്ളൂ എന്നും, ഇതുവരെ പ്രിസൈഡിംഗ് ഓഫീസര്‍ ആയിട്ടില്ല എന്നും പ്രിസൈഡിംഗ് ഡ്യൂട്ടി ചെയ്യുക അവരുടെ ഒരു ആഗ്രഹമായിരുന്നു എന്നും പറഞ്ഞു. അവര്‍ പ്രിസൈഡിംഗ് ഓഫീസര്‍ ആയിരിക്കുകയും ഞാന്‍ ഒന്നാം പോളിംഗ് ഓഫീസര്‍ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു. എന്റെ ടെന്‍ഷനും കുറഞ്ഞേനെ. പോരാത്തതിന് ആദ്യമല്ലേ. പക്ഷേ  മാറ്റം വരുത്താനാവില്ല എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. രണ്ടാം പോളിംഗ് ഓഫീസ്ര്‍ പഞ്ചായത്തില്‍ ജോലി ചെയ്യുന്ന ജിമ്മിസാര്‍ ആയിരുന്നു. ഒത്തിരി തെരെഞ്ഞെടുപ്പുകള്‍ നടത്തി നല്ല തഴക്കവും പഴക്കവും ഉള്ളയാള്‍. അദ്ദേഹം എനിക്ക് പൂര്‍ണ്ണസഹകരണം വാഗ്ദാനം ചെയ്തു. പിന്നെ ഒരു പോളിംഗ് അസിസ്റ്റന്റ് ആണ് ഉണ്ടായിരുന്നത്  എന്റെ ഒരു സുഹൃത്തിന്റെ അച്ചന്‍ പി.ഡബ്ലൂഡിയിലെ പ്യൂണ്‍ ജോസഫ് ആയിരുന്നു അത്. വളരെ ശാന്തനായ ഒരു വ്യക്തി.
അന്ന് യന്ത്രത്തിന്റെ കണ്‍ട്രോള്‍ ബട്ടണ്‍ പ്രിസൈഡിംഗ് ഓഫീസര്‍ തന്നെയാണ് അമര്‍ത്തേണ്ടിയിരുന്നത്. മഷിയിടല്‍ ജോസഫേട്ടന്‍ നടത്തി. അന്നത്തെ ഇലക്ഷന്‍ ഏജന്റുമാര്‍ കാര്യവിവരമുള്ളവര്‍ ആയിരുന്നു. ഒരാള്‍ റിട്ടയേര്‍ഡ് ഡെപ്യൂട്ടിതഹസില്‍ദാര്‍ ആയിരുന്നു. ഏജന്റുമാരില്‍ നിന്നും ചില തര്‍ക്കങ്ങളൊക്കെ ഉണ്ടായി. ജിമ്മിസാറിന്റെ സഹകരണത്തോടെ അത് തരണം ചെയ്യാന്‍ കഴിഞ്ഞു. സ്ക്കൂളില്‍ നിന്നും കുറച്ചകലെയൂള്ള എന്റെ ഇളയച്ചന്റെ വീട്ടില്‍ നിന്നും എല്ലാനേരവും ഭക്ഷണവും എത്തിച്ചിരുന്നു. കവറുകളൊക്കെ നേരത്തേ തയ്യാറാക്കിയിരുന്നു. ഏതായാലും വലിയകുഴപ്പങ്ങളൊന്നുമില്ലാതെ ഒന്നാമത്തെ തിരഞ്ഞെടുപ്പുജോലി സമാപിച്ചു.
 2000ലായിരുന്നു രണ്ടാമത്തെ ഇലക്ഷന്‍ ഡ്യൂട്ടി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു. ഇത്തവണ ഞാന്‍ പ്രിസൈഡിംഗ് ആയിരുന്നില്ല. ഒന്നാം പോളീംഗ് ഓഫീസര്‍. അന്നത്തെ പ്രിസൈഡിംഗ് ഓഫീസര്‍ ഞാന്‍ പഠിച്ച കോളേജിലെ ലക്ചറര്‍ ബീനടീച്ചറായിരുന്നു. ബീനടീച്ചറിന്റെ ആദ്യ തിരഞ്ഞെടുപ്പ്  ഡ്യൂട്ടിയായിരുന്നു അത്. അതിനുമുമ്പുള്ള ഇലക്ഷനുകളിലൊക്കെ ഒന്നുകില്‍ ഡ്യൂട്ടി ഒഴിവാക്കുകയോ അല്ലെങ്കില്‍ ഇല്ലാതിരിക്കുകയോ ആയിരുന്നു. ടീച്ചര്‍ വലിയ ടെന്‍ഷനിലായിരുന്നു. കൂടെയൂള്ളവരില്‍ മറ്റു മൂന്നുപേര്‍ സ്ത്രീകളായിരുന്നു. അവരുടെ പേരൊന്നും ഒര്‍ക്കുന്നില്ല. പോളീംഗ് അസിസ്റ്റന്റ് കോളേജിലെ തന്നെ രതീഷേട്ടനായിരുന്നു. ഞാനും രതീഷേട്ടനും ഒഴിച്ച് ബാക്കിയുള്ളവരെല്ലാം സ്ത്രീകള്‍. ചേന്ദമംഗലത്തിനടുത്തുള്ള ഒരു റിമോട്ട് എരിയയായിരുന്നു പോളിംഗ് ബൂത്ത്. ഒരു അംഗന്‍വാടി. ഗ്രാമപ്രദേശമായിരുന്നതുകൊണ്ട് ജനങ്ങള്‍ വളരെ നല്ലവരായിരുന്നു. എല്ലാവിധ സൗകര്യവും അവര്‍ ഒരുക്കിത്തന്നു. ബീനടീച്ചറിനും മറ്റുസ്ത്രീകള്‍ക്കും അടുത്തുള്ള ഒരു വീട്ടില്‍ താമസം ശരിയാക്കി. ഞാനും രതീഷേട്ടനും പോലീസുഉദ്യോഗസ്ഥനും അംഗന്‍വാടിയില്‍ തന്നെ കിടന്നു. ഈ ഇലക്ഷന് പഴയ ബാലറ്റുപെട്ടിതന്നെയായിരുന്നു. ത്രിതല തെരെഞ്ഞെടുപ്പായതിനാല്‍ എല്ലാ കവറുകളുടെയും ഫോമുകളുടെയും മൂന്നുസെറ്റ് വേണ്ടിയിരുന്നു. കഴിഞ്ഞ ഇലക്ഷന് ജിമ്മിസാര്‍ ചെയ്തപോലെ ഇവിടെ ഞാന്‍ ബീന ടീച്ചര്‍ക്ക് എല്ലാസഹകരണവും നല്‍കി. കനത്ത പോളിംഗായിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി നാട്ടുകാരുടെ സഹകരണമുണ്ടായിരുന്നു. ഭക്ഷണം സ്പെഷ്യലായി പാകം ചെയ്തുതന്നു. ചായ, വെള്ളം, ചിപ്സ് , ഫ്രൂട്സ് എന്നിവ ഇടയ്ക്കിടെവന്നുകൊണ്ടേയിരുന്നു.
ഇത്രമാത്രം നാട്ടുകാരുടെ സഹകരണമുണ്ടായിരുന്ന മറ്റൊരു ഇലക്ഷന്‍ ഡ്യൂട്ടി പിന്നീട് എന്റെ ജിവിതത്തിലുണ്ടായിട്ടില്ല. അഞ്ചുമണിക്ക് പോളിംഗ് കഴിഞ്ഞ് ഉടന്‍തന്നെ പാക്കിംഗ് ഒക്കെ തീര്‍ത്തു. വിദൂരമേഖലയായതുകൊണ്ട് ഇവിടേക്ക് മാത്രം പ്രത്യേകം ജീപ്പുണ്ടായിരുന്നു. അന്ന് പറവൂരില്‍ പോളിംഗ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിച്ച ആദ്യ ടീം ഞങ്ങളുടേതായിരുന്നു.

മൂന്നാമത്തെ ഇലക്ഷന്‍ഡ്യൂട്ടി 2001ലെ അസംബ്ലി തെരഞ്ഞെടുപ്പായിരുന്നു. പറവൂര്‍ മണ്ഡലത്തിലെ കൂനമ്മാവായിരുന്നു ഡ്യൂട്ടി. ഇത്തവണ പ്രിസൈഡിംഗ് ഓഫിസറായിരുന്നു.
എന്റെ സുഹൃത്ത് അബൂബക്കര്‍സാറിന്റെ ഭാര്യയായ കുഞ്ഞൗവ്വ ടീച്ചറായിരുന്നു ഒന്നാം പോളിംഗ് ഓഫീസര്‍ . അടുത്തയാള്‍ സഹകരണബാങ്കിലെ ക്ലര്‍ക്കായിരുന്നു. മൂന്നാമത്തെയാളെ ഇപ്പോള്‍ ഒര്‍ക്കുന്നില്ല. പ്രത്യേകിച്ച് സവിശേഷതകളൊന്നുമില്ലാതെ ആ തെരഞ്ഞെടുപ്പു കഴിഞ്ഞു.

2002ല്‍ നടന്ന ഒരു ജില്ലാപഞ്ചായത്ത് ഉപതെരഞ്ഞെടുപ്പായിരുന്നു നാലാമത്തെ ഇലക്ഷന്‍ഡ്യൂട്ടി. ഇത്തവണ ഒന്നാം പോളിംഗ് ഒഫീസറായിട്ടായിരുന്നു ജോലി. പ്രിസൈഡിംഗ് ഓഫിസര്‍ അടുത്ത സ്ക്കൂളിലെ എബി ടീച്ചറായിരുന്നു. ടീച്ചര്‍ ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോയിട്ടുണ്ടെങ്കിലും പ്രിസൈഡിംഗ് ഓഫീസറായിട്ടാദ്യമായിരുന്നു. ടീച്ചര്‍ക്കാണെങ്കില്‍ ടെന്‍ഷന്‍. ലാലാജി സാര്‍ പറഞ്ഞു ടീച്ചര്‍ക്ക് എല്ലാ സഹായവും ചെയ്യണമെന്ന്. ടീച്ചര്‍ ഒപ്പിടുകമാത്രം ചെയ്താല്‍ മതി ബാക്കി എല്ലാ ജോലിയും ഞാന്‍ തന്നെ ചെയ്തോളാമെന്ന് ഉറപ്പും കൊടുത്തു. പക്ഷേ ടീച്ചര്‍ക്ക് ടെന്‍ഷന്‍ ഒഴിയുന്നില്ല. ടീച്ചര്‍തന്നെ റിട്ടേണിംഗ് ഓഫീസറെ കണ്ട് പ്രീസൈഡിംഗ് ഡ്യൂട്ടി ഒഴിവാക്കണെമന്ന് പറഞ്ഞു. എന്നെ പ്രീസൈഡിംഗ് ആക്കി ടീച്ചറെ ഒന്നാം പോളീംഗ് ഒഫീസറാക്കി അവര്‍ പ്രശ്നം പരിഹരിച്ചു. ടീച്ചറെ കൂടാതെ മറ്റു രണ്ടു ടീച്ചര്‍മാരും പിന്നെ ബ്ലോക്കിലെ ഒരു ഉദ്യോഗസ്ഥനും  ഡ്യൂട്ടിക്കുണ്ടായിരുന്നു. എന്റെ ചേച്ചിയുടെ വീടിനടുത്തായിരുന്നു പോളീംഗ് ബൂത്ത്. അതിനാല്‍ എല്ലാവര്‍ക്കും ഭക്ഷണകാര്യങ്ങളിലൊന്നും മുട്ടുണ്ടായില്ല. അന്ന് പോളീംഗിന്റെ അവസാനം പെട്ടി സീല്‍ ചെയ്തസംഭവം ഇപ്പോഴും ഓര്‍ക്കുന്നു. പേപ്പര്‍ സീല്‍ വച്ച ശേഷം വീണ്ടും സീലിംഗ്. ബ്രൗണ്‍പേപ്പര്‍ കൊണ്ട് പൊതിഞ്ഞശേഷം ചാക്കുനൂലുപയോഗിച്ച് കെട്ടണം. അതിനുശേഷം തുണിസഞ്ചിയിലാക്കി കെട്ടി ടാഗ് കെട്ടി വീണ്ടും സീലിംഗ്. ഇതെല്ലാം ഞാനാണ് ചെയ്തത്. ചണനൂല്‍ കെട്ടിയത് എങ്ങിനെയോ കൃത്യമായി വന്നു. ഒട്ടും ബാലന്‍സില്ല. അതുപോലെ തുണിസഞ്ചി കെട്ടിക്കഴിഞ്ഞപ്പോള്‍ നല്ല പൂര്‍ണ്ണതയുണ്ടായിരുന്നു. എല്ലാവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു ഏജന്റ് മറ്റൊരാളോടുപറഞ്ഞ ഒരു കമന്റ് ഇപ്പോഴും ഒര്‍ക്കുന്നു. "ഇങ്ങനെകെട്ടുന്നതിനൊക്കെ അവര്‍ക്ക് പ്രത്യേക ട്രയിനിംഗ് ഉണ്ടന്നേ...." .'എന്തുട്രെയിനിംഗ്...ഇങ്ങനെഒപ്പിക്കാന്‍ കഴിഞ്ഞത് ഭാഗ്യം....!'  ഞാന്‍ മനസ്സിലോര്‍ത്തു.

2004 ലോകസഭാതെരഞ്ഞെടുപ്പായിരുന്നു അഞ്ചാമത്തെ ഇലക്ഷന്‍ഡ്യൂട്ടി. ആ പ്രാവശ്യം മുതലാണ് നിയോജകമണ്ഡലം മാറി ഡ്യൂട്ടിക്ക്പോകേണ്ടിവന്നത്. അന്ന് ഡ്യൂട്ടി വടക്കാഞ്ചേരിയിലായിരുന്നു. അവിടത്തെ പ്രത്യേകത അവിടെ അന്ന് അസംബ്ലി ഉപതെരഞ്ഞെടുപ്പും ഉണ്ടായിരുന്നു. വോട്ടിംഗ് യന്ത്രത്തിലായിരുന്നു പോളിംഗ്. അവിടെ ചെല്ലുന്നതുവരെ ഇത് എങ്ങിനെയായിരിക്കും എന്ന് സംശയമായിരുന്നു. അതായത് ഒരു കണ്‍ട്രോള്‍ യൂണിറ്റും രണ്ട് ബാലറ്റുയൂണിറ്റുമായിരിക്കുമോ അതോ രണ്ട് കണ്ട്രോള്‍ യൂണിറ്റും രണ്ട് ബാലറ്റ് യൂണിറ്റുമായിരിക്കുമോ എന്ന്. കാരണം പറവൂരിലെ പരിശീലനക്ലാസ്സില്‍ അവര്‍ക്കും വല്യധാരണയില്ലായിരുന്നു. പക്ഷേ വടക്കാഞ്ചേരിയില്‍ എത്തിയപ്പോള്‍ കാര്യം തീരുമാനമായി. രണ്ട് കണ്ട്രോള്‍ യൂണിറ്റ് രണ്ട് ബാലറ്റ് യൂണിറ്റ്. അസംബ്ലിക്കും ലോകസഭക്കുമായി പ്രത്യേകം കവറുകള്‍ ഫോമുകള്‍ ഒരു ഉദ്യോഗസ്ഥന്‍ കൂടുതല്‍. നേരത്തേ കണ്ടു പരിചയമില്ലാത്തവരായിരുന്നു കൂടെയുണ്ടായിരുന്നു. എനിക്ക് പ്രിസൈഡിംഗ് ഡ്യൂട്ടിയായിരുന്നു. എന്നേക്കാള്‍ സീനിയറായ അധ്യാപകന്‍  ജോബ്സണ്‍ സാറായിരുന്നു ഫസ്റ്റ് പോളിംഗ് ഓഫീസര്‍. വളരെ സീനിയറായ രണ്ട് ബാങ്കുദ്യോഗസഥരും കൂടെയൂണ്ടായിരുന്നു. പോളിംഗ് ബുത്തില്‍ വളരെ പരിമിതമായ സൗകര്യമേ ഉണ്ടായിരുന്നുള്ളു. അടുത്തവീട്ടില്‍ പ്രാഥമികകാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ സൗകര്യം ചെയ്തുതന്നു. തിരിച്ചുപോന്നപ്പോഴാണ് പെട്ടുപോയത്. തൃശൂര്‍ വരെ ബസ് കിട്ടി. പിന്നീട് പല ചെറുവണ്ടികളില്‍ കയറി പോരേണ്ടി വന്നു. വീട്ടിലെത്തിയപ്പോള്‍ നേരം പാതിരാത്രി കഴിഞ്ഞു.

2005ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു അടുത്ത ഇലക്ഷന്‍ഡ്യൂട്ടി. പ്രിസൈഡിംഗ് ഓഫീസര്‍ എന്റെ സ്ക്കൂളിലെ തന്നെ ജയശ്രീടിച്ചറായിരുന്നു. എനിക്ക് ഒന്നാം പോളിംഗ്ഓഫീസര്‍ ഡ്യൂട്ടി.
പക്ഷേ ആ തവണ വോട്ടെണ്ണല്‍സമയത്തെ ഡാറ്റ അപ് ലോഡ് ചെയ്യേണ്ട ഡ്യൂട്ടികിട്ടി. അതിനാല്‍ പോളിംഗ് ഡ്യൂട്ടി ഒഴിവാക്കി തന്നു. ഡാറ്റ അപ് ലോഡ് ചെയ്യല്‍ ചെറിയ ഡ്യൂട്ടിയായിരുന്നില്ല. കൗണ്ടിംഗ് സ്റ്റേഷനില്‍ കമ്പ്യുട്ടര്‍ ഉള്‍പ്പെടെയുള്ളവ സ്വന്തമായി സംഘടിപ്പിച്ചുവയ്ക്കേണ്ടിവന്നു. എനിക്കും രഘുസാറിനുമായിരുന്നു അവിടത്തെ ഡ്യൂട്ടി. കൗണ്ടിംഗ് ആദ്യമായി കാണുകയായിരുന്നു. പുതിയ അനുഭവമായിരുന്നു അത്. പക്ഷേ ഡാറ്റാ എന്‍ട്രി പരാജയമായിരുന്നു. സെര്‍വര്‍ ഡൗണ്‍ ആയതുകൊണ്ട് വേണ്ടസമയത്ത് അപ് ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ല.

2006ലെ അസംബ്ലി തെരഞ്ഞെടുപ്പ് ഡ്യൂട്ടി പെരുമ്പാവൂര്‍ മണ്ഡലത്തിലായിരുന്നു. അന്നും ഒന്നാം പോളിംഗ് ജോലി തന്നെ. പ്രിസൈഡിംഡ് കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥനായിരുന്നു. കൂടെയുണ്ടായിരുന്ന ഒരാള്‍ കൊച്ചി റിഫൈനറി ഉദ്യോഗസ്ഥനായിരുന്നു. മറ്റേയാളെ ഓര്‍ക്കുന്നില്ല. അന്ന് പെരുമ്പാവൂര്‍വരെ ബൈക്കുകൊണ്ടുപോയിരുന്നതുകൊണ്ട് തിരിച്ചുപോരല്‍ ബുദ്ധിമുട്ടുണ്ടായില്ല.

2009 ലെ ലോകസഭാ ഇലക്ഷനാണ്. എനിക്ക് ഡ്യൂട്ടി ഉണ്ടാകാതിരുന്ന ഒരു തെരെഞ്ഞെടുപ്പ്.

എട്ടാമത്തെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി 2010ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പായിരുന്നു. പറവൂര്‍ മുനിസിപ്പാലിറ്റിയിലായിരുന്നു ഡ്യൂട്ടി. പ്രിസൈഡിംഗായിരുന്നു. ഒന്നാം പോളിംഗ് ഓഫിസര്‍ അളവുതൂക്ക ഇന്‍സ്പെക്ടറായിരുന്നു. പറവൂരെ ഒരു ടീച്ചറും എന്റെ സുഹൃത്തിന്റെ ഭാര്യയായ കോടതിയിലെ ഉദ്യോഗസ്ഥയുമായിരുന്നു മറ്റുരണ്ടുപേര്‍. ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചചെയ്തില്ല എന്നതായിരുന്നു അന്നത്തെ പ്രത്യേകത. വാശിയുള്ള തെരെഞ്ഞെടുപ്പായിരുന്നു കുഴപ്പമില്ലാതെ നടന്നു.

2011ലെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഒമ്പതാമത്തേത്. തൃക്കാക്കര മണ്ഡലത്തിലായിരുന്നു ഡ്യൂട്ടി. ആദ്യം ഡ്യൂട്ടിയിലിട്ടവരെ വീണ്ടും തരംതിരിക്കുന്ന പ്രവണത തുടങ്ങിയത് ഇവിടെ മുതലാണ്.
എന്റെ കൂടെയൂള്ള ഫസ്റ്റ് പോളിംഗ് ഓഫീസറെ മാറ്റി വേറെ ആളെ വച്ചു. ഫാക്ട് ഉദ്യോഗസ്ഥനായിരുന്നു ഒന്നാം പോളിംഗ് ഓഫീസര്‍. മറ്റു മൂന്നുപേരില്‍ രണ്ടുപേര്‍ വനിതകളായിരുന്നു. കൊതുകുകടികൊണ്ട് തലേദിവസം ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. ജയസൂര്യ ആ ബൂത്തിലെ വോട്ടറായതിനാല്‍ ചില ചാനലുകരും വന്നു.

2014 എന്റെ പത്താമത് ഇലക്ഷന്‍ഡ്യൂട്ടി യായിരുന്നു. ഒന്നാം പോളിംഗ് ഓഫിസറായി. വലിയ പ്രതീക്ഷയോടെ ചെന്നപ്പോള്‍ ടീമില്‍ മാറ്റം ഞാനും പ്രിസൈഡിംഗും റിസര്‍വിലായിരിക്കുന്നു. മറ്റുള്ളവര്‍ ഡ്യൂട്ടിക്കുപോകുന്നത് കൊതിയോടെ നോക്കിനിന്നു. റിസര്‍വുകാരെ വീണ്ടും വിളിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ റിസര്‍വാക്കി മാറ്റിയവര്‍ വളരെയധികം പേരുണ്ടായിരുന്നു. അതിനാല്‍ എല്ലാ റിസര്‍വുകാരെയും വൈകിട്ടോടെ പറഞ്ഞുവിട്ടു. വേണ്ടിവന്നാല്‍ വിളിക്കുമെന്നും പറഞ്ഞു. വിളിക്കണമെങ്കില്‍ ഇപ്പോള്‍ ഡ്യൂട്ടിക്കുപോയ ആര്‍ക്കെങ്കിലും എന്തെങ്കിലും അസുഖം വരണം. അതുവേണ്ട. എല്ലാവരും സുഖമായി നന്നായി ഡ്യൂട്ടിചെയ്യട്ടെ. ഞാന്‍ വീട്ടിലിരിക്കാം പഴയ ഇലക്ഷന്‍ ഓര്‍മ്മകളുമായി..............

No comments:

Post a Comment