വീട്ടിലേക്ക് ഒരു ആണ്‍ പൂച്ച സ്ഥിരമായി വന്നിരുന്നു. വീടിനകത്തേക്ക് കയറില്ലെങ്കിലും വീടിനു പുറത്ത് അത് മിക്ക സമയങ്ങളിലും ഉണ്ടാകും. കുട്ടികള്‍ അടുത്തവന്നപ്പോള്‍ അത് ഓടിപ്പോയിരുന്നു. കോവിഡ് കാലമായതിനാല്‍ കുട്ടികള്‍ സമയം കളയാനായി പൂച്ചയെ കളിപ്പിക്കാന്‍ തുടങ്ങി. ആദ്യം മാര്‍ജാരന്‍ അടുത്തില്ലെങ്കിലും, ഭക്ഷണം ചിലതുകാട്ടിയും മറ്റും അടുക്കാന്‍ തുടങ്ങി എങ്കിലും ഗൃഹനാഥനെ ഭയമായിരുന്നു. അതിനെ കുട്ടികള്‍ ലൂണ എന്നു പേരിട്ടു.
ഈ പൂച്ചയോട് അടുപ്പം തുടങ്ങിയശേഷമാണ് കുട്ടികള്‍ വീട്ടില്‍ ഒരു കുഞ്ഞു പൂച്ചയെ വാങ്ങണം എന്ന ആവശ്യവുമായി വന്നത്. മുതിര്‍ന്നവര്‍ ആദ്യം എതിര്‍ത്തെങ്കിലും കുട്ടികളുടെ നിര്‍ബ്ഭന്ധത്തിനു വഴങ്ങി പൂച്ചവേണമെങ്കില്‍ ആവാം എന്ന തീരുമാനമായി. അങ്ങനെയിരിക്കുെ ഒരു ബന്ധുവാണ്, ഒരു വീട്ടില്‍ കുഞ്ഞു വെള്ളപ്പൂച്ചകളുണ്ട് കൊണ്ടുവരട്ടെ എന്നുചോദിക്കുന്നത്. യെസ് മൂളുന്നതിനുമുമ്പു തന്നെ ആള്‍ ഒരു പെട്ടിയില്‍ രണ്ട് പൂച്ചക്കുട്ടികളുമായി വന്നു. ഒന്നിന്റെ മുഖത്ത് നേരിയ കറുത്ത പാടുണ്ട്. അതിന്റെ കണ്ണുകള്‍ രണ്ടും രണ്ടുകളറുകളായിരുന്നു.
നമുക്കൊരണ്ണത്തിനെ എടുക്കാം, പക്ഷേ ഏതുവേണമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനായി. അതിനിടയില്‍ ഗൃഹനാഥന്റെ സഹോദരി ഒരു പൂച്ചയെകൊണ്ടുപോകാം എന്നു പറഞ്ഞു. അവരുടെ വീട്ടില്‍ ഒരു പട്ടിയുണ്ട്, അത് ഈ പൂച്ചയെ പിടിച്ചാലോ എന്ന ആശക്കുഴപ്പത്തില്‍ തല്ക്കാലം പൂച്ചയെ കൊണ്ടുപൊയില്ല. ഫലം, രണ്ടു പൂച്ചയും വീട്ടില്‍ തന്നെയായി.
ആയിടയ്ക്കാണ്, കോവിഡ് കാലത്ത് വിക്ടേഴ്സില്‍ കുട്ടികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ തുടങ്ങിയത്. ഒന്നാം ക്ലാസ്സില്‍ പൂച്ചകളെക്കുറിച്ച് ഒരു പാഠമുണ്ട്. അതില്‍ രണ്ടു പൂച്ചകളെക്കുറിച്ചുു പറയുന്നുണ്ട് - മിട്ടുപൂച്ചയും തങ്കു പൂച്ചയും, ആ വീട്ടിലെ ഗൃഹനാഥ ഒന്നാം ക്ലാസ്സിലെ ടീച്ചറും ആയിരുന്നതുകൊണ്ട് ഇവിടത്തെ പൂച്ചകളുടെ പേരും ഇതു തന്നെ നല്‍കി. നെറ്റിയില്‍ അല്പം കറുപ്പും, രണ്ടും കണ്ണും രണ്ടു കളറിലുള്ള പൂച്ചയുടെ പേര് മിട്ടു. മറ്റു പൂച്ചയ്ക്ക് തങ്കു.
തങ്കുവിന്റെ വാല്‍ അണ്ണാന്‍ വാലുപോലെയാണോ എന്ന് ഇടയ്ക്ക് തോന്നുമായിരുന്നു.
ഏതായാലും ആ വീട്ടിലേക്ക് അങ്ങനെ പുതിയ രണ്ടു പേര്‍ സ്ഥിരതാമസക്കാരായി മാറി.....
അവരരുടെ കഥകളാണ് ഇനി.....