Thursday, January 1, 2015

ലിഫ്റ്റ്

വൈകിട്ടത്തെ സ്പെഷല്‍ക്ലാസ്സും കഴിഞ്ഞ് സ്ക്കൂളില്‍ നിന്നിറങ്ങുമ്പോള്‍ വഴിയില്‍ നിന്ന് ഒരു കുട്ടി ലിഫ്റ്റ് ചോദിച്ച് കൈകാണിക്കുന്നു. അവന്‍ നമ്മുടെ ഇവിടത്തെ സ്ക്കൂള്‍ യൂണിഫോമിലല്ല. എങ്കിലും ഞാന്‍ ബൈക്ക് നിര്‍ത്തി. അവനെ എനിക്കറിയാം സൈമണ്‍ ചേട്ടന്റെ മകനാണ്. സൈമണ്‍ സ്ക്കൂളില്‍ ഓര്‍ക്കസ്ട്ര പരിശീലിപ്പിക്കാന്‍ വരുന്നയാളാണ്. മകന്‍ എട്ടാം ക്ലാസ്സുവരെ ഇവിടെയാണ് പഠിച്ചത്. ചില സാറമ്മാരെ പേടിച്ച് ഇവിടെ നിന്നും പോയി. ഇപ്പോള്‍ മറ്റൊരു സ്ക്കൂളില്‍ പത്തില്‍ പഠിക്കുന്നു.
അവന്‍ എന്റെ ബൈക്കിനുപിന്നില്‍ കയറി,  യാത്രയില്‍ ഞാനവനോടു ചേദിച്ചു. നീയെന്തിനാ ഇവിടെ വരുന്നത്..? കഴിഞ്ഞദിവസവും ഞാന്‍ നിന്നെ കണ്ടിരുന്നു.
ഞാന്‍ എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടില്‍ വന്നതാണ് ​എന്ന് മറുപടി.
പത്താം ക്ലാസ്സല്ലേ, വീട്ടിലിരുന്നു പഠിച്ചാല്‍ പോരെ, ഇവിടെ വരുന്നത് വീട്ടുകാര്‍ക്കറിയാമോ...? എന്നൊക്കെ വീണ്ടും ചോദിച്ചു.
വീട്ടുകാര്‍ക്കറിയാം ഞാന്‍ ഇന്നിവിടെ വരും എന്നു പറഞ്ഞിട്ടാണ് പോന്നത് എന്നു വീണ്ടും മറുപടി. 
എന്റെ ചോദ്യങ്ങള്‍ അവനിഷ്ടപ്പെട്ടില്ലെന്നു തോന്നി. ഉടനെ അവന്‍ പറഞ്ഞു
ഞാനിവിടെ ഇറങ്ങുകയാണ് സാറിവിടെ നിര്‍ത്തിക്കോ...
അതുവേണ്ട...ഞാന്‍ നിന്റെ വീടിനടുത്തേക്കെല്ലേ പോകുന്നത് അവിടെ നിര്‍ത്താം.
പക്ഷേ എനിക്കിവിടെ ഇറങ്ങണം.... എന്റെ ഫ്രണ്ടിന്റെ വീട്ടില്‍ കയറണം. അവന്‍ പറഞ്ഞുകൊണ്ടിരുന്നു.
നടക്കാവുന്ന ദൂരത്തിനുവേണ്ടി നീ എന്തിനെന്റെ ബൈക്കില്‍ കയറി...?നിന്നെ ഞാന്‍ വീട്ടിലാക്കിത്തരാം....
ഇതു പറഞ്ഞുപൂര്‍ത്തിയാക്കുന്നതിനുമുന്പ് അവന്‍ വണ്ടിയില്‍ നിന്നെടുത്തുചാടി.....റോഡില്‍ വീണു.....
ഞാന്‍ വണ്ടി റോഡരികിലേക്ക് വച്ചു. അവന്‍ പൊടി തട്ടിയെണീറ്റു. എനിക്കു ദേഷ്യം കയറി
ഞാന്‍ പറഞ്ഞു നിന്നെഞാന്‍ ഇപ്പോ പിടിച്ച് പോലീസിലേല്‍പ്പിക്കും....അല്ലെങ്കില്‍ വേണ്ട നിന്റെ അച്ഛനെ വിളിക്കാം....നമ്പര്‍ തരൂ....
വേണ്ട വിളിക്കണ്ടാ.....നമ്പര്‍ തരില്ലാ......
ഞാന്‍ സ്ക്കൂളിലേക്കു വിളിച്ചു. സൈമണിന്റെ നമ്പര്‍ സംഘടിപ്പിച്ചു. അയാളോടു കാര്യം പറഞ്ഞു......
ഈ ഇത്തിരിദൂരത്തിന് എന്തിനെന്നെ ബുദ്ധിമുട്ടിച്ചൂ......?അല്ലെങ്കില്‍ ഞാന്‍ ഒന്നും ചോദിക്കാന്‍ പാടില്ലേ....?

അവന്‍ ചാടിയ സമയത്തു എന്തെങ്കിലും പറ്റിയിരുന്നെങ്കിലോ....?
ഏതെങ്കിലും വാഹനം പിന്നിലൂടെ വന്നിരുന്നുവെങ്കിലോ......?

ഏതായാലും പുതുവത്സരത്തിലെ ആദ്യദിനം എന്നെ കുറെ സങ്കടപ്പെടുത്തീ......

No comments:

Post a Comment