Tuesday, January 27, 2015

പൂര്‍വ്വ അദ്ധ്യാപകര്‍

ഇന്നലെയും ഇന്നും ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടദിനങ്ങളായിരുന്നു. സ്ക്കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് സ്ക്കൂളിലെ പൂര്‍വ്വ അദ്ധ്യാപകരെ ക്ഷണിക്കലായിരുന്നു ജോലി. ഈ സ്ക്കൂള്‍ വാര്‍ഷികത്തിന് ഒരു പ്രത്യേകതകൂടി ഉണ്ട്.ഇത് 80ം വാര്‍ഷികമാണ്.  സ്ക്കൂളിന്റെ എല്ലാമെല്ലാമായ പ്രിന്‍സിപ്പാള്‍ ഷാജിസാര്‍, ഉദയഭാനു സാര്‍, അംബികടീച്ചര്‍ എന്നിവര്‍ റിട്ടയര്‍ ചെയ്യുക കൂടിയാണ്.
ഇന്നലെ റിപ്പബ്ളിക് ദിനവും ഇന്ന് ഹര്‍ത്താലും പരമാവധി എല്ലാവരെയും കാണാന്‍ പറ്റി.
സൂരജ് സാര്‍, വിനോദ് സാര്‍, അരുണ്‍സാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
ആദ്യം കുമാരന്‍സാറില്‍ നിന്ന് തുടങ്ങി. കുമാരന്‍ സാറ് വീട്ടില്‍ തന്നെയുണ്ടായിരുന്നു. സ്ക്കൂളിന്റെ തൊട്ടടുത്താണ് സാറിന്റെ വീട്. അദ്ദേഹത്തിന്റെ മകന്റെ ഭാര്യ ഇവിടെ സ്ക്കുളിലെ ടീച്ചറാണ്. സ്ക്കൂള്‍ സ്ഥാപകന്‍ ശാസ്ത്രിസാര്‍ വന്നിരുന്നപ്പോള്‍ ഇടയ്ക്ക് വിശ്രമിച്ചിരുന്നത് ഇവിടെയായിരുന്നു. പ്രായത്തിന്റെ അസ്വസ്ഥതകള്‍ രോഗരൂപത്തില്‍ അലട്ടുന്നുണ്ടെങ്കിലും കാഴ്ചയില്‍ അതുതോന്നില്ല. ഞങ്ങള്‍ ചെന്നത് സാറിന് വളരെ സന്തോഷമായി.നാളെ ആശുപത്രിയില്‍ അഡ്മിറ്റാകണമെന്നും അതില്‍ അദ്ദേഹത്തിന് എത്താന്‍ കഴിയില്ലെന്നും ഖേദപൂര്‍വ്വം അറിയിച്ചു.സ്ക്കൂളിനടുത്തായിരുന്നിട്ടും ചെന്നുകണ്ടതിലുള്ള സന്തോഷത്തിന്റെ തിളക്കം അദ്ദേഹത്തിന്റെ കണ്ണുകളില്‍ കാണാമായിരുന്നു.
അടുത്തത് കാളികുളങ്ങരയിലെ കുമാരി ടീച്ചറുടെ വിട്ടിലായിരുന്നു. കുമാരി ടീച്ചറുടെ മകളും മരുമകളും സ്ക്കൂളിലെ ടീച്ചര്‍മാരാണ്. ടീച്ചര്‍ വീട്ടിലെ പണിത്തിരക്കിലായിരുന്നു. വീട്ടിലേക്കുകയറിയിരിക്കാന്‍ ഒത്തിരി നിര്‍ബ്ബന്ധിച്ചു. മറ്റു ചില ടീച്ചര്‍മാരുടെ വിവരങ്ങളും സ്ഥലവും പറഞ്ഞുതന്നു. അവിടെ നിന്നും പിന്നീട് പോയത് സുലോചനടീച്ചറുടെ വീട്ടിലേക്കായിരുന്നു. നന്ത്യാട്ടുകുന്നത്തുതന്നെയാണ് വീട്. അവിടെ മകനുണ്ടായിരുന്നു. ടീച്ചര്‍ മകളുടെ വീട്ടിലാണെന്നും രണ്ടാഴ്ച കഴിഞ്ഞേ വരൂ എന്നും പറഞ്ഞു. എല്ലാവരും ചേര്‍ന്നു ചെന്ന് വിളിച്ചത് അവര്‍ക്കും സന്തോഷമായിക്കാണും. അടുത്തത് സ്ക്കൂളിലെ പ്യൂണായിരുന്ന മണിചേച്ചിയുടെ വീട്ടിലേക്ക്. അവിടെ വാതില്‍ അടഞ്ഞു കിടക്കുന്നു. വീട്ടുകാരെല്ലാം കൂടി പഴനിയില്‍ പോയതായി അറിയാന്‍ കഴിഞ്ഞു. പിന്നിട് ഫോണില്‍ വിളിച്ചു പറയാമെന്നു പറഞ്ഞുപിരിഞ്ഞു.
ഇതിനിടയില്‍ ഒരു കാര്യം കൂടി. ഞാന്‍ സ്ക്കൂളില്‍ വരുമ്പോള്‍ മണിച്ചേച്ചി വളരെ നല്ല സഹായങ്ങളാണ് ചെയ്തിരുന്നത്. ചില പ്രത്യേക കറികള്‍ തയ്യാറാക്കി കൊണ്ടുവരുമായിരുന്നു. വൈകുന്നേരം സ്പെഷല്‍ ക്ലാസ്സിനുമുമ്പായി എനിക്കുമാത്രം ചായയും തിളപ്പിച്ചു തരുമായിരുന്നു. മണിചേച്ചിയും കുമാരി ടീച്ചറുമാണ് ​എന്നോട് ഷാജിസാറിനെപ്പോലെയാകണം ​എന്ന് ഉപദേശിച്ചിരുന്നത്.
അടുത്തതായി നന്ത്യാട്ടുകുന്നത്തുതന്നെയുള്ള സാവിത്രി ടീച്ചറുടെ വീട്ടിലേക്ക്.  ടീച്ചറുടെ മകനും എന്റെ സുഹൃത്തുമായ അജിത്ത്മാഷിന്റെ ഭാര്യയും  ഈ സ്ക്കൂളിലെ ടീച്ചറാണ്. സാവിത്രിടീച്ചറിന് ‍ഞങ്ങളുടെ സന്ദര്‍ശനം വളരെ സന്തോഷമുണ്ടാക്കി. വെള്ളം കുടിച്ചിട്ടുപോകാന്‍ ഒത്തിരി നിര്‍ബന്ധിച്ചു. ടീച്ചറെ ബുദ്ധിമുട്ടിക്കേണ്ടാ എന്നു കരുതി സ്നേഹപൂര്‍വ്വം നിരസിച്ചു.
പിന്നീട് പോയത് ഏഴിക്കരയിലെ റീത്തടീച്ചറുടെ വീട്ടിലേക്ക്. അവിടെ മകന്റെ പുതിയ വീടിന്റെ പണി നടക്കുന്നു. ടീച്ചറും ഭര്‍ത്താവ് ഗബ്രിയേല്‍ സാറും പഴയവീട്ടിലുണ്ടായിരുന്നു. ആദ്യം പിരിവുകാരാരെങ്കിലുമാണോ ​എന്നവര്‍ ശങ്കിച്ചു. സ്ക്കൂളില്‍ നിന്നാണെന്നുപറഞ്ഞപ്പോള്‍ സന്തോഷം. പിന്നെ ഒരോരുത്തരെയും പരിചയപ്പെടല്‍ കുശലം. രണ്ടുപേരും വരാമെന്നുപറഞ്ഞാണ് പിരിഞ്ഞത്. ഏഴിക്കരയിലെ അംബുജാക്ഷിയമ്മടീച്ചറുടെ വീട് റീത്തടീച്ചറോട് ചോദിച്ചു മനസ്സിലാക്കി.
ഏഴിക്കര പള്ളിയാക്കല്‍ കഴിഞ്ഞാണ് അംബുജാക്ഷിയമ്മടീച്ചറുടെ വീട്. വീടിന്റെ വിശാലമായ പറമ്പിന്റെ അറ്റത്ത് രണ്ടടയ്ക്കയും പെറുക്കി ടീച്ചര്‍ നില്‍ക്കുന്നു. വിളിച്ചപ്പോള്‍ ആദ്യം അമ്പരപ്പ്. സ്ക്കൂളില്‍ നിന്നാണെന്നുപറഞ്ഞപ്പോള്‍ ആശ്വാസം. ചെറിയ ഓര്‍മ്മക്കുറവ് പോലെ. ശാസ്ത്രി സാറെല്ലെ മാനേജര്‍ എന്നുചോദ്യം. റീത്തടീച്ചര്‍ അംബുജാക്ഷി ടീച്ചറിന്റെ പഴയ ഒര്‍മ്മശക്തിയെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.എല്ലാ കുട്ടികളുടെയും പേര് ഇനീഷ്യല്‍ സഹിതം ടീച്ചര്‍ ഓര്‍ത്തുപറയുമായിരുന്നത്രേ. ആ ടീച്ചറാണ് ഇപ്പോള്‍  ശാസ്ത്രി സാറല്ലേ മാനേജര്‍ എന്നുചോദിക്കുന്നത്. ടീച്ചര്‍ സ്നഹപൂര്‍വ്വം അകത്തേക്കുവിളിച്ചു. പിന്നീട് അഭിമാനപൂര്‍വ്വം ഷോകേസില്‍ നിന്നും ടീച്ചര്‍ക്ക് ശാസ്ത്രിസാര്‍ നല്‍കിയ  മംഗളപത്രവും മറ്റൊരു മംഗളപത്രവും കാണിച്ചുതന്നു. ചായകുടിച്ചിട്ടുപോകാന്‍ നിര്‍ബന്ധിച്ചു. മക്കളെല്ലാം ഉന്നത ഉദ്യോഗസ്ഥര്‍. ടീച്ചറും വാര്‍ഷികത്തിന് വരാമെന്ന് സമ്മതിച്ചു.
ഏഴിക്കരയില്‍ നിന്ന് കൈതാരത്തേക്ക്. കൈതാരത്ത് ദേവകിടീച്ചറുടെ വീട്. ടീച്ചറിനും സന്തോഷം എല്ലാവരെയും കണ്ടതില്‍. ഭര്‍ത്താവ് മരിച്ചതില്‍ പിന്നെ ടീച്ചര്‍ ഒരു സ്ഥലത്തും പോകാറില്ല എന്ന് പറഞ്ഞു. വീട്ടില്‍ ചെറിയ കൃഷിയും ഭക്തിയുമായി കഴിയുന്നു. സന്തോഷത്തോടെ അവിടെ നിന്നും രാമചന്ദ്രന്‍ സാറിന്റെ വീട്ടിലേക്ക്.  അവിടെ സാറ് പുറത്തുപോയിരിക്കുന്നു. ഭാര്യയുടെ കയ്യലില്‍ ക്ഷണക്കത്ത് കൊടുത്തു വരണമെന്ന് പ്രത്യേകം പറഞ്ഞു.പിന്നീട് എല്‍സിടീച്ചറുടെ വീട്ടിലേക്ക്. എല്‍സിടീച്ചറുടെ ഭര്‍ത്താവ് അടുത്തിടെ മരിച്ചിരുന്നു. സ്ക്കുളില്‍ പലരും അറിഞ്ഞിരുന്നില്ല. പക്ഷെ അവിടെ ചെന്നപ്പോള്‍ വീട് പൂട്ടിയിരിക്കുന്നു.അടുത്തവീട്ടില്‍ ചോദിച്ചു.മകളുടെ അടുത്തുപോയതായിരിരിക്കും എന്ന് അവര്‍ പറഞ്ഞു.  ലെറ്റര്‍ അവിടെ ഏല്‍പ്പിച്ചുപോന്നു.

അവിടെനിന്നും പോയത് സ്ക്കൂളിലെഹെഡ്മിസ്ട്രസും ആദ്യപ്രിന്‍സിപ്പലുമായ കോമളവല്ലി ടീച്ചറുടെ വീട്ടിലേക്കാണ്. ടീച്ചറുടെ ഭര്‍ത്താവ് ഞങ്ങളെ സ്വീകരിച്ചു. ടീച്ചര്‍ അകത്തായിരുന്നു.വിശേഷങ്ങള്‍ ചോദിച്ചു. സ്ക്കൂളില്‍ ഏറ്റവും കൂടുതല്‍ അപ്പോയിന്റ്മെന്റുകള്‍ നടന്നത് ടീച്ചറുള്ളപ്പോഴായിരുന്നു. നിര്‍ബ്ബന്ധപൂര്‍വ്വം ഞങ്ങള്‍ക്ക് വെള്ളവും പഴവും തന്നു. അല്പനേരം സംസാരിച്ചിട്ടാണ് പിരിഞ്ഞത്. പിന്നീട് പോയത് ഇന്ദിരടീച്ചറുടെ അടുത്തേക്കായിരുന്നു. ഇന്ദിരടീച്ചര്‍ സരസ്വതി ടീച്ചര്‍ കോമളവല്ലി ടീച്ചര്‍ എന്നിവര്‍ ഒരുമിച്ചാണ് റിട്ടയര്‍ചെയ്തത്. പക്ഷേ അതിനുശേഷം ടീച്ചര്‍ ഇതുവരെ സ്ക്കൂളിലേക്ക് കാര്യമായി വന്നിട്ടില്ലായിരുന്നു. അവിടെ ചെന്നപ്പോള്‍ ആ പരിഭവം ഞാന്‍ പറഞ്ഞു. പലപ്പോഴും എന്തെങ്കിലും പരിപാടിയായിരിക്കും എന്ന് മറുപടി. പിന്നെ സ്ക്കൂളിലെ കാര്യങ്ങള്‍ എല്ലാം അറിയാറുണ്ട്. അതിന്റെ സന്തോഷവും പങ്കിട്ടു. പക്ഷേ ഈ വാര്‍ഷികത്തിനും വരാന്‍ പറ്റില്ല എന്നു പറഞ്ഞു. വളരെ നാളെത്തി ഗുരുവായൂരുപോവുകയാണ്. അതിന് റൂമൊക്കെ നേരത്തേബുക്കുചെയ്തിരിക്കുന്നു. ടീച്ചറും നിര്‍ബ്ബന്ധിച്ച് വെള്ളം കുടിപ്പിച്ചിട്ടാണ് വിട്ടത്. അപ്പോഴാണ് പി.‍ഡി കോമളവല്ലി ടീച്ചറുടെ വീട്ടില്‍ പോയില്ല എന്ന വിവരം അറിഞ്ഞത്. ടീച്ചര്‍ ഇപ്പോള്‍ താമസിക്കുന്നത് ചേന്ദമംഗലം കവലയ്ക്ക് വടക്കുവശത്താണ്. ചോദിച്ചു ചോദിച്ചു വീട്ടിലെത്തിയപ്പോള്‍ വീടടച്ചിട്ടിരിക്കുന്നു. ടീച്ചറുടെ ഭര്‍ത്താവിന് ഡയാലിസിസ് ചെയ്യാന്‍ പോയിരിക്കുന്നു. മുന്പ് എന്തെങ്കിലും പരിപാടിക്ക് ടീച്ചര്‍ സ്ക്കൂളില്‍ വന്നിരുന്നത് ഭര്‍ത്താവിന്റെ ടുവീലറിലായിരുന്നെന്ന കാര്യം ഓര്‍ത്തു. ലെറ്റര്‍ വീട്ടില്‍ വച്ചു. പിന്നീട് വിളിച്ചുപറയാമെന്ന് കരുതി പോന്നു. പിന്നീട് വടക്കും പുറത്തേക്ക് അവിടെ രമാദേവിടീച്ചറുടെ വീട്. തലേദിവസം ടീച്ചറുടെ മകളുടെ കല്യാണമായിരുന്നു. കാര്യങ്ങള്‍ ടീച്ചര്‍ക്ക് അറിയാം വീട്ടില്‍ ഭര്‍ത്താവും മൂത്തമകളും ഉണ്ടായിരുന്നു. നേരത്തേഅറിയാമായിരുന്നതുകൊണ്ട ഉറപ്പായും എത്തുമെന്ന് ടീച്ചര്‍ വാക്കുപറഞ്ഞു. പിന്നീട് പോയത് രത്നവല്ലിടീച്ചറുടെ അടുത്തേക്കായിരുന്നു. അതും വടക്കുംപുറം തന്നെ. എസ്.എന്‍ റോഡിലുടെ കുറച്ച് പോകണം.

.

No comments:

Post a Comment